Asianet News MalayalamAsianet News Malayalam

മൂന്നാറിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കു പട്ടയം നല്‍കാന്‍ നീക്കം; ഫയൽ സര്‍ക്കാര്‍ പരിഗണനയിൽ

ഏറെ വിവാദമുണ്ടാക്കിയ ഫയലിപ്പോൾ ലാന്‍റ് റവന്യു കമ്മീഷണറുടെ പരിഗണനയിൽ ആണെന്നാണ് വിവരം. അനധികൃത നിര്‍മ്മിതികൾക്ക് ഇളവനുവദിക്കാനുള്ള നീക്കം നിയമക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയെന്നും സൂചനയുണ്ട്. 

government plan to regularize illegal land documents in munnar
Author
Trivandrum, First Published Jul 18, 2019, 11:12 AM IST

തിരുവനന്തപുരം: മൂന്നിറിൽ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം അനുവദിക്കാൻ സര്‍ക്കാര്‍ നീക്കം. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം. ഫയൽ ലാന്‍റ് റവന്യു കമ്മീഷണറുടെ പരിഗണനയിലാണ്. അതേസമയം അനധികൃത നിര്‍മ്മിതികൾക്ക് ഇളവനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതായും സൂചനയുണ്ട്. 

മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്നായിരുന്നു എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. എന്നാൽ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഇടുക്കി ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവര്‍ നിലപാടെടുത്തു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ എതിര്‍പ്പില്ല. അതേസമയം കാലങ്ങളായി അവിടെ താമസിക്കുന്ന സാധാരണക്കാരെയും കര്‍ഷകരെയും പരിഗണിച്ച് കൊണ്ടാകണം കയ്യേറ്റമൊഴിപ്പിക്കൽ നടപടികളെന്നാണ് കക്ഷി ഭേദമില്ലാതെ സര്‍ക്കാരിന് മുന്നിൽ വന്ന ആവശ്യം. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്നത്. 

പത്ത് സെന്‍റും 1000 സ്ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അനുമതി നൽകാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും വീണ്ടും സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് അതിപ്പോൾ 15 സെന്‍റും 1200 സ്ക്വയര്‍ ഫീറ്റ് നിര്‍മ്മാണവും എന്ന നിലയിലേക്ക് ഉയര്‍ത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്.  കെട്ടിടങ്ങൾക്ക് അനുമതി നൽകണമെങ്കിൽ ആദ്യം പട്ടയങ്ങൾ ക്രമപ്പെടുത്തണം. കാലങ്ങളായി കൈവശമിരിക്കുന്ന വ്യാജ പട്ടയങ്ങളും രവീന്ദ്രൻ പട്ടയങ്ങളുമെല്ലാം ക്രമപ്പെടുത്തി കൊടുക്കുന്ന അവസ്ഥയും ഇത് വഴി ഉണ്ടാകും. 

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങളും ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അടക്കം വലിയ വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിടുന്നത്. അതിനിടയാണ് ചട്ടലംഘനങ്ങൾ ക്രമപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം.

 

Follow Us:
Download App:
  • android
  • ios