പൊതുജന താല്‍പ്പര്യം മുൻനിർത്തിയാണ് കരാർ ഉണ്ടാക്കിയത്. ഐടി വകുപ്പ് ഈ സോഫ്റ്റ്‌ വെയർ വാങ്ങുകയായിരുന്നു. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ലോകാരോഗ്യ സംഘടന പോലും സ്പ്രിംക്ലർ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ വിശദീകരണം. വൻതോതിലുള്ള വിവര ശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സ്പ്രിംക്ലറിന്‍റെ സൗജന്യ സേവനം വാങ്ങാൻ നിയമ വകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിൽ നിൽക്കുമ്പോൾ ഒരു വ്യക്തിയുടെ സുരക്ഷയ്ക്കല്ല മുൻഗണന നൽകേണ്ടി വരിക എന്ന്‌ വ്യക്തമാക്കിയാണ് സർക്കാർ സ്പ്രിംക്ലര്‍ കരാറിനെ ന്യായീകരിക്കുന്നത്. കേരളത്തിലെ നാലിൽ ഒരു ഭാഗം ആളുകൾ കൊവിഡ് പിടിയിൽ ആകുമെന്നായിരുന്നു പ്രവചനം. ആ ഘട്ടത്തിൽ അടിയന്തരമായി സജ്ജമാകുകയാണ് സർക്കാരിന് മുന്നിലുള്ള പോംവഴി. 

സർക്കാരിന് വൻതോതിൽ വിവര ശേഖരണത്തിന് സംവിധാനമില്ല. ഈ ഘട്ടത്തിലാണ് സ്പ്രിംക്ലര്‍ കമ്പനി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്. പൊതുജന താല്‍പ്പര്യം മുൻനിർത്തിയാണ് കരാർ ഉണ്ടാക്കിയത്. ഐടി വകുപ്പ് ഈ സോഫ്റ്റ്‌ വെയർ വാങ്ങുകയായിരുന്നു. 15000 രൂപയിൽ താഴെ ഉള്ള സേവനങ്ങൾ വാങ്ങാൻ ഐടി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ട്. ഇതിനു നിയമ വകുപ്പിന്‍റെ അനുമതി ആവശ്യമില്ല. അതിനാൽ ചർച്ച പോലും വേണ്ടതില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

സ്വകാര്യതാ നിയമത്തിന്‍റെ ലംഘനമോ വിവര ചോർച്ചയോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് കരാർ ഉണ്ടാക്കിയത്. ന്യുയോർക്ക് അധികാര പരിധി വെച്ചത് കരാർ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾക്ക് മാത്രമാണ്. സ്പ്രിംക്ലര്‍ ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യൻ സർവ്വറിൽ സുരക്ഷിതമാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.