കരുവന്നൂരിലെ കൊള്ളക്കാരെ സംരക്ഷിക്കുന്നു, സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: കെ സുരേന്ദ്രൻ
സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കരുവന്നൂർ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. ഇഡിക്കെതിരെയുള്ള കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറിയാണ്. സഹകരണ ബാങ്കിൽ നിക്ഷേപിച്ച എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരിൽ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്.
സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് ഗോവിന്ദൻ മറക്കരുത്. കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്.
Read more: 'ഇഡി വിളിച്ചതിനാൽ വന്നു', കരുവന്നൂർ കേസിൽ എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ
തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂർ ലോബിയുടെ സ്വാധീനവുമുണ്ട്. കള്ളപ്പണക്കാരും സിപിഎം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകൾക്ക് അടിസ്ഥാനം. ഇത് സിപിഎം അണികൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാർട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത്. എന്നാൽ കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാർട്ടി നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിൽ ഇറങ്ങുന്ന നാളുകൾ വിദൂരമല്ല. സിപിഎം ഇപ്പോൾ അനിവാര്യമായ തകർച്ചയെ നേരിടുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം