കട്ടപ്പന: വാഗമണ്ണിലെ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന സർക്കാർ നടപടി ആരംഭിച്ചു. 12 വ്യാജ പട്ടയങ്ങൾ റദ്ദാക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. വ്യവസായി ജോളി സ്റ്റീഫൻ കയ്യേറിയ 55 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 1987ലാണ് ജോളി സ്റ്റീഫൻ ഭൂമി കയ്യേറിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വമ്പൻ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. 

അന്നത്തെ റവന്യു ഉദ്യോഗസ്ഥറുടെ സഹായത്തോടെ ഈ ഭൂമിക്ക് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയ വ്യവസായി പട്ടയങ്ങൾ സാങ്കൽപിക ആളുകളുടെ പേരിൽ ഭൂമി പ്ലോട്ടുകളായി മുറിച്ച് വിൽക്കുകയാരിന്നു. ഈ ഭൂമിയിൽ നിലവധി റിസോർട്ടുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 

1987ലാണ് എറണാകുളം സ്വദേശിയും വ്യവസായിയുമായ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനും 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയത്. കയ്യേറ്റ ഭൂമിക്ക് അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയങ്ങളുമുണ്ടാക്കി. ഈ പട്ടയ ഉടമകളെല്ലാം വെറും സാങ്കൽപിക പേരുകളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

കയ്യേറ്റം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണത്തിൽ കയ്യേറ്റം ബോധ്യപ്പെടുകയും 12 വ്യാജ പട്ടയങ്ങളും റദ്ദാക്കാൻ ഉത്തരവുമായി. ഒരുമാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാനാണ് വാഗമണ് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കയ്യേറിയ ഭൂമി ജോളി സ്റ്റീഫൻ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിട്ടുണ്ട്. ഇവിടെയെല്ലാം ഇപ്പോൾ റിസോർട്ടുകളും പൊന്തി. ഉത്തരവ് നടപ്പാക്കുമ്പോൾ ഈ റിസോർട്ടുകളും പൊളിച്ചുനീക്കേണ്ടി വരും.