തിരുവനന്തപുരം: കെട്ടിട നിർമ്മാണ അനുമതികളിലെ കാലതാമസം ഒഴിവാക്കാൻ മാർ​ഗ നിർദ്ദേശങ്ങളുമായി കേരള സർക്കാർ. അഞ്ച് കോർപ്പറേഷനുകളിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി നേരിട്ടെത്തി അദാലത്ത് നടത്തും. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത പ്രശ്ചാത്തലത്തിലാണ് സർക്കാരിന്റെ തിരുത്തൽ നടപടി.

പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്ന മുഴുവൻ അപേക്ഷകളിലും അടുത്ത മാസം 10നകം തീർപ്പുണ്ടാക്കണമെന്നാണ് പഞ്ചായത്ത് ഡയറക്ടർമാർ ഗ്രാമപ‍‌‌‌ഞ്ചായത്ത് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. നടപടി റിപ്പോർട്ടുകൾ 15നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധിക്കണം. എല്ലാ അപേക്ഷകളിലും 15 ദിവസത്തിനകം തീരുമാനമെടുക്കണം കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അദാലത്തുകൾ സംഘടിപ്പിച്ച് പരിഹാരമുണ്ടാക്കണം 
 
കോർപ്പറേഷനുകളിൽ തദ്ദേശ ഭരണമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ആദ്യ അദാലത്ത് ജൂലൈ 15ന് കൊച്ചിയിലാണ് നടക്കുക. ആഗസ്റ്റ് 2ന് കണ്ണൂരിലാണ് അവസാന അദാലത്ത്  അഞ്ച് കോർപ്പറേഷനലും രാവിലെ 10 മണിമുതൽ മുഴുവൻ ദിവസം നടക്കുന്ന  അദാലത്തിൽ  കെട്ടിട നിർമ്മാണ പെർമിറ്റ്  ഒക്യൂപെൻസി തുടങ്ങിയ അപേക്ഷകൾ നൽകിയവർക്ക് പങ്കെടുക്കാം.   

കെട്ടിട നിർമ്മാണചട്ടങ്ങൾ സംബന്ധിച്ച് നിലവിൽ സെക്രട്ടറിക്ക് മാത്രമാണ് തീരുമാനമെടുക്കാൻ കഴിയൂ.  സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്താൻ  ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. സാങ്കേതിക വൈദഗ്ദ്യമുള്ള ഉദ്യോഗസ്ഥന്റ നിർദ്ദേശത്തെ മറികടക്കാൻ സെക്രട്ടറിക്കുള്ള അധികാരം പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്, അപ്പീൽ ട്രൈബ്യൂണൽ തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും കോഴിക്കോടും സ്ഥാപിക്കും.