തിരുവനന്തപുരം: പ്രതിപക്ഷനേതാവ് അടക്കമുള്ളവരെ കേസുകളിൽ കുടുക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ ബാർകോഴ അടക്കമുള്ള അന്വേഷണങ്ങളെ രാഷ്ട്രീയമായി നേരിടാൻ യുഡിഎഫ് തീരുമാനം. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി ഭൂമി ഉണ്ടെന്ന വാാർത്തടകളടക്കം ഉന്നയിച്ച് സർക്കാറിനെതിരായ അഴിമതി സജീവമാക്കി നിർത്താനാണ് പ്രതിപക്ഷ നീക്കം.

നമ്പറിട്ട് നേതാക്കളെ കുടുക്കുന്നു എന്നായിരുന്നു കമറുദീൻറെ അറസ്റ്റിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്തപ്പോോഴുള്ള യുഡിഎഫ് പ്രതികരണം. എന്നാൽ പ്രതിപക്ഷനിരയിലെ ഒന്നാം നമ്പറുകാരനെ തന്നെ ലക്ഷ്യമിട്ട് ബാർകോഴ വീണ്ടും എടുത്തിടുമ്പോൾ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന സൂചന സർക്കാർ നൽകുന്നു. അഴിമതി ആരോപണം നേരിടുന്ന സർക്കാർ ബാലൻസ് ചെയ്യാൻ രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ കേസുകൾ കുത്തിപ്പൊക്കുന്നുവെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിരോധം തീർക്കുന്നത്. 

തനിക്കെതിരായ ബിജുരമേശിൻ്റെ കോഴ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോർട്ട് കോടതിക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറയുന്നു. മാണിക്കെതിരായ ബാർകോഴ ഒതുക്കാൻ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജുരമേശിൻ്റെ വെളിപ്പെടുത്തലിൽ എന്ത് കൊണ്ട് അന്വേഷണമില്ലെനന്നും കോൺഗ്രസ് ചോദിക്കുന്നു. 

എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കുന്നതടക്കം കോൺഗ്രസ് ആലോചിക്കുന്നുണ്ട്. രാഷട്രീയമായി കേസുകളെ നേരിടുമ്പോഴും ബാറിന് പിന്നാലെ സോളാർ കേസും വരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നിരയിൽ അങ്കലാപ്പുണ്ടാക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം സ്വാഭാവിക നടപടികളെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. എങ്കിലും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന കേന്ദ്രത്തിനെതിരായ പരാതി കേരളത്തിൽ തിരിഞ്ഞുകൊത്തുന്നു എന്നുള്ളതാണ് പാർട്ടി നേരിടുന്ന വെല്ലുവിളി.