തിരുവനന്തപുരം: സ്വകാര്യ സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ സിനിമാപ്രദർശനത്തിനൊരുങ്ങി സർക്കാർ തിയേറ്ററുകൾ. അടുത്ത ആഴ്ച മുതൽ സമാന്തര സിനിമകളോടെ സർക്കാർ തിയേറ്ററുകൾ തുറക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ സിനിമാപ്രദർശനം തുടങ്ങും. 

കൊവിഡ് നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഫിലിംചേംബർ തീരുമാനം. സർക്കാർ പാക്കേജെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ തിയേറ്ററുകൾ കാത്തിരിക്കെ, ഉളള സിനിമകൾ കാണിച്ചുകൊണ്ട് തിയേറ്റർ തുറക്കാനുളള നീക്കത്തിലാണ് ചലച്ചിത്രവികസന കോർപറേഷൻ. സർക്കാർ സബ്സിഡോടെ നിർമ്മിച്ച ചിത്രങ്ങളാണ് അടുത്ത ആഴ്ച മുതൽ പ്രദർശിപ്പിക്കുക. 

ആശങ്ക ഒഴിവാക്കി കാണികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിൻറെ ആദ്യപടിയായാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. പ്രത്യേകമൊരുക്കിയ സ്ക്രീനിൽ ഞായറാഴ്ച മുതൽ വൈകീട്ട് 6:30ക്കായിരിക്കും പ്രദർശനം. ആദ്യം പ്രദർശിപ്പിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ. ത്രീഡി സിനിമ കാണാൻ കണ്ണടയും കൊടുക്കും. ഇതിനായി 15 രൂപ ഈടാക്കും. കണ്ണടകൾ തിരിച്ചുവാങ്ങില്ല. പ്രേക്ഷകർക്ക് വീട്ടിൽ കൊണ്ടുപോകാം.

നിശാഗന്ധിയിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ. നിശാഗന്ധിയിലെ ട്രയലിന് ശേഷം കൈരളി. ശ്രീ അടക്കമുള്ള തിയേറ്ററുകൾ തുറക്കും.