എട്ടു വര്‍ഷമായിട്ടും പ്രഖ്യാപിത ലക്ഷ്യവും വരുമാനവും നേടാതിരിക്കുമ്പോഴും സര്‍ക്കാരിന്‍റെ വമ്പൻ നേട്ടമായി കൊട്ടിഘോഷിച്ച് കെ ഫോണ്‍ പരസ്യം. പതിനാലായിരം ബിപിഎൽ കണക്ഷൻ എന്ന ലക്ഷ്യം ഇനിയും നേടാനായില്ല. 

തിരുവനന്തപുരം: എട്ടു വര്‍ഷമായിട്ടും പ്രഖ്യാപിത ലക്ഷ്യവും വരുമാനവും നേടാതിരിക്കുമ്പോഴും സര്‍ക്കാരിന്‍റെ വമ്പൻ നേട്ടമായി കൊട്ടിഘോഷിച്ച് കെ ഫോണ്‍ പരസ്യം. പതിനാലായിരം ബിപിഎൽ കണക്ഷൻ എന്ന ലക്ഷ്യം ഇനിയും നേടാനായില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതിനാൽ കിഫ്ബി തിരിച്ചടവിന് മോറട്ടോറിയം ചോദിച്ചിരിക്കുകയാണ് കെ ഫോണ്‍. ഒരു ലക്ഷം കണക്ഷൻ പിന്നിട്ടപ്പോള്‍ കെ ഫോണ്‍ കൊടുത്ത പരസ്യം. ഡിജിറ്റൽ ഡിവൈഡിന് ബദലായി കെ ഫോണ്‍. എല്ലാവര്‍ക്കും കെ ഫോണ്‍, എല്ലായിടത്തും ഇന്‍റര്‍ നെറ്റ്. പരസ്യവാചകങ്ങള്‍ ഇങ്ങനെ. 2017 ലെ ബജറ്റിലാണ് കെ ഫോണ്‍ പ്രഖ്യാപിച്ചത്. പറഞ്ഞത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്നാണ് ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീട് ആദ്യ ഘട്ടത്തിൽ 140 മണ്ഡലങ്ങളിലും 100 വീതം ബിപിഎൽ കുടുംബങ്ങളെന്നാക്കി. മൊത്തം 14,000.

എന്നിട്ടും ഇതുവരെ കണക്ഷൻ കൊടുത്തത് 11402 കുടുംബങ്ങള്‍ക്ക് മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യം കൊടുത്ത പട്ടിക അപൂര്‍ണമെന്ന് പറഞ്ഞ് കണക്ഷൻ നൽകാൻ ചുമതലപ്പെട്ട കമ്പനി പാതിവഴിയിൽ പിന്‍മാറി. ഇപ്പോള്‍ അപേക്ഷിക്കാൻ ലിങ്ക് കൊടുത്ത് യോഗ്യരായ ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തുന്നു. 30,000 സര്‍ക്കാര്‍ ഓഫീസുകളിൽ കണക്ഷൻ കൊടുക്കാനാണ് പദ്ധതി ലക്ഷ്യം. ഇതുവരെ കൊടുത്തത് 23,163 കണക്ഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 2729 വാണിജ്യ കണക്ഷനുകളും നൽകി. 62781 വീടുകളിലും കണക്ഷനുകള്‍ കൊടുത്തു. 

ഏഴായിരത്തിലധികം കിലോമീറ്റര്‍ ഫൈബര്‍ വാടകയ്ക്ക് നൽകിയെന്നും കെ ഫോണ്‍ പറയുന്നു. പദ്ധതിക്കായി ഇതുവരെ 700 കോടിയിലധികമാണ് കിഫ്ബിയിൽ നിന്ന് വാങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 51 കോടി മാത്രം. അതിലും 33 കോടി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക.ഫലത്തിൽ 18 കോടി മാത്രമാണ് കെ ഫോണിന് കിട്ടിയത്. 2024 മുതൽ കിഫ്ബിക്കുള്ള തിരിച്ചടവ് തുടങ്ങാനായിരുന്നു ധാരണ. വരുമാനമില്ലാത്തതിനാൽ ഇതു നടപ്പായില്ല. അടുത്ത സാമ്പത്തിക വര്‍ഷം വരെ മോറട്ടോറിയത്തിന് ചോദിച്ചിരിക്കുയാണ് കെ ഫോണ്‍. തിരിച്ചടവ് കാലാവധിയും കൂട്ടി ചോദിച്ചു. 7 വര്‍ഷമെന്നത് 15 വര്‍ഷമാക്കണമെന്നാണ് ആവശ്യം. ആദ്യ വര്‍ഷം 77 കോടിയും തുടര്‍ന്നുള്ള വര്‍ഷങ്ങളിൽ 100 കോടിയും തിരിച്ചടയ്ക്കാമെന്നാണ് വാഗ്ദാനം.

ഇക്കാര്യത്തിൽ ചര്‍ച്ച നടക്കുന്നതേയുള്ളൂ. നടപ്പു സാമ്പത്തിക വര്‍ഷം 3 ലക്ഷം കണക്ഷൻ കൊടുക്കാനാണ് ശ്രമം. 230 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് കെ ഫോണ്‍ എംഡി ഡോ സന്തോഷ് ബാബു പറഞ്ഞു. ഡാര്‍ക്ക് ഫൈബര്‍ വാടകയ്ക്ക് കൊടുക്കുന്നത് അടക്കം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാമെന്ന് കണക്കു കൂട്ടൽ. 29,000 കിലോമീറ്റര്‍ ഫൈബര്‍ ശൃംഖല ഇങ്ങനെ വാടകയ്ക്ക് നൽകാനാവുമെന്നാണ് കെ ഫോണ്‍ അധികൃതര്‍ പറയുന്നത്.

കെ ഫോൺ വമ്പൻ നേട്ടമെന്ന് സർക്കാർ;എന്നാൽ ലക്ഷ്യവും വരുമാനവും നേടാനായില്ലെന്ന് കണക്ക്