ബലാത്സംഗ കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ പുറത്ത്. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം
കൊച്ചി: ബലാത്സംഗ കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ പുറത്ത്. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം. ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ഹർജിക്കാരനെ ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണ് പരാതിയെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം. പരാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായിട്ടുള്ളതെന്നും ഹര്‍ജിയിൽ പറയുന്നു. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല.
പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങൾ അവൾക്കറിയാമെന്നും ഹര്‍ജിയിൽ പറയുന്നു. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് യഥാർത്ഥ പരാതിക്കാരിക്ക് നന്നായി അറിയാമെന്നും പരാതിക്കാരി അവിവാഹിതയായ സ്ത്രീയാണെന്ന ധാരണയിലായിരുന്നു ഹർജിക്കാരനെന്നുമാണ് വാദം. വിവാഹിതയാണ് എന്ന് അറിഞ്ഞപ്പോൾ ബന്ധം തകർക്കുകയായിരുന്നുവെന്നും ഹര്‍ജിയിൽ പറയുന്നു. രാഹുൽ നൽകിയ ജാമ്യ ഹര്‍ജി നാളെയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പരാതിയിൽ രാഹുലിനെതിരെ യുവതി ഉന്നയിക്കുന്നത്. രാഹുലിനെതിരായ ഈ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുന്നതും.
രണ്ട് ബലാത്സംഗ കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ബലാത്സംഗ പരാതിയിലാണ് ഒടുവിൽ അറസ്റ്റിലാകുന്നത്. വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡിജിപിക്ക് നൽകിയ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു എസ്ഐടി നീക്കങ്ങൾ. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലിൽനിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങളും പുറത്തുവന്നു. 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞു. ഡിഎൻഎ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഇതിനിടെ ഗർഭം അലസി. അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി. 2024 ഏപ്രിൽ 26ന് വടകരയിൽ ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടെന്നും മൊഴിയിലുണ്ട്.



