Asianet News MalayalamAsianet News Malayalam

Kizhakkambalam Clash : പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും; തീരുമാനം വിമർശനത്തിന് പിന്നാലെ

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു

government will bear the medical expenses of the police who injured in kizhakkambalam clash
Author
Thiruvananthapuram, First Published Dec 28, 2021, 10:46 AM IST

തിരുവനന്തപുരം: കിഴക്കമ്പലത്ത് (Kizhakkamablam) അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ  ചികിത്സാചെലവ് (Treatment Expense)   പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും  തീരുമാനമായിട്ടുണ്ട്. 

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. വിവരം സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ്  പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്. 

പൊലീസിനെതിരെ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ സേനയ്ക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്നാണ് എഡിജിപിയുടെ നിർദേശം. ഡി വൈ എസ്പിമാരും എസ് എച്ച് ഒമാരും തൊഴിലാളി ക്യാമ്പുകൾ സ്ഥിരമായി സന്ദർശിക്കണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരുകൾ തൊഴിലാളികൾക്ക് നൽകണം.


ഹിന്ദിയും , ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥനെ തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനുകളിൽ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനക്ക് ആവശ്യമെന്നും എഡിജിപി പറയുന്നു. 
 

Follow Us:
Download App:
  • android
  • ios