തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച പിതാവിൻ്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി നിലമ്പൂര്‍ സ്വദേശിനി സി.പി. ജിജി നടത്തിയ 20 വര്‍ഷത്തെ നിയമപോരാട്ടം വിജയത്തിൽ അവസാനിച്ചു. ഉദ്യോഗസ്ഥരുടെ അവഗണനയും നിയമക്കുരുക്കുകളും മറികടന്ന്, പെന്‍ഷന്‍ നേടിയെടുത്തു.

മലപ്പുറം: പിതാവിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി നീണ്ട 20 വര്‍ഷം നിയമപോരാട്ടം നടത്തിയ നിലമ്പൂര്‍ ചേലോട് നഗറിലെ സി.പി. ജിജി (49) പോരാട്ടത്തിൻ്റെ പുതിയ പ്രതീകമാകുന്നു. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച പിതാവ് രാമചന്ദ്രന്‍ 2002-ല്‍ അന്തരിച്ചതിനെ തുടർന്നാണ്, അവിവാഹിതയായ ജിജി പെന്‍ഷനായുള്ള പോരാട്ടം തുടങ്ങിയത്. 20 വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ജിജി പെൻഷൻ നേടിയെടുത്തത്.

ചട്ടങ്ങളിലെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ അവഗണനയും നേരിട്ടിട്ടും പിന്തിരിയാന്‍ ജിജി തയ്യാറായില്ല. പിതാവിന്റെ മരണശേഷം ആദ്യം പെന്‍ഷന്‍ ലഭിച്ചിരുന്നത് ഇളയ സഹോദരി അമ്പിളിക്കായിരുന്നു. എന്നാല്‍ 2005-ല്‍ അമ്പിളി വിവാഹിതയായി. ഇതോടെ പെന്‍ഷന്‍ നിലച്ചു. തുടര്‍ന്ന് വന്ന നിയമഭേദഗതി പ്രകാരം അവിവാഹിതരായ മക്കള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന് മനസ്സിലാക്കിയ ജിജി 2006 മുതല്‍ അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങി. മരിച്ചുപോയ സഹോദരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതോടെ നടപടികള്‍ വീണ്ടും വൈകി. ഒടുവില്‍ എം എല്‍ എയുടെ ഇടപെടലിലൂടെയാണ് രേഖകള്‍ വേഗത്തില്‍ ലഭ്യമായതും ജിജിയുടെ നീണ്ട കാത്തിരിപ്പിന് വിരാമമായതും.