ഹരിപ്പാട് ആശുപത്രിയിൽ പ്രസവിച്ചയുടൻ അമ്മ ജനലിലൂടെ പുറത്തേക്കെറിഞ്ഞ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്നും പാലൂട്ടാൻ പോലും തയാറല്ലെന്ന് 19-കാരിയായ അമ്മ അറിയിച്ചതിനെ തുടർന്നാണ് നടപടി.

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാൽ കുട്ടിയെ വിട്ടു നൽകും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും. അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴിനൽകി. അമ്മയും കുഞ്ഞും വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നവജാത ശിശുവിനെ അമ്മ വലിച്ചെറിഞ്ഞ സംഭവം; കുഞ്ഞിനെ വേണ്ടെന്ന് 19കാരിയായ അമ്മ