തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യഗോശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി സർക്കാർ. പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഗോശാലയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മൃഗസംരക്ഷണവകുപ്പ് ഇടപെട്ടത്.

പശുക്കളെ മറ്റ് ഫാമിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ  ഉടൻ തീരുമാനമെടുക്കും. വെറ്റിനറി ഡോക്ടർമാരുടെ സംഘമെത്തി പശുക്കളെ പരിശോധിക്കും. ആവശ്യത്തിന് കാലിത്തീറ്റയും പുല്ലും എത്തിക്കാനും നടപടി തുടങ്ങി. സുരേഷ് ഗോപി എംപി, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരെല്ലാം അംഗങ്ങളായ ട്രസ്റ്റാണ് നടത്തിപ്പുകാർ. കുതിരമാളികയ്ക്ക് സമീപത്ത് കൊട്ടാരം വക ഭൂമിയിലാണ് ക്ഷേത്രത്തിലേക്ക് പാൽ നൽകാനായി സ്വകാര്യഗോശാല തുടങ്ങിയത്. ഇപ്പോൾ ക്ഷേത്രത്തിലേക്ക് പാൽ നൽകുന്നത് പേരിന് മാത്രം.

36 പശുക്കളാണ് ഇപ്പോൾ പട്ടിണി കിടന്ന് എല്ലും തോലുമായ സ്ഥിതിയിൽ ഇവിടെയുളളത്. ക്ഷേത്രം ഗോശാലയിലേക്ക് ഈ പശുക്കളെ മാറ്റാൻ തയ്യാറാണെന്ന് ട്രസ്റ്റ് ഭാരവാഹി വിജയകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രളയവും ശബരിമല പ്രശ്നവുമെല്ലാം വന്നതോടെ ഫണ്ട് ലഭ്യത കുറഞ്ഞതാണ് പശുക്കളുടെ പരിപാലനത്തിൽ പ്രശ്നമുണ്ടാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.