Asianet News MalayalamAsianet News Malayalam

Silver Line : സില്‍വര്‍ലൈന്‍: ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്ന് കരുതുന്നതായി ഗവര്‍ണര്‍

ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്നാണ് കരുതുന്നതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുമെന്നും ​ഗവര്‍ണര്‍ പറഞ്ഞു

Governor Arif Mohammad Khan respond on silver line
Author
Delhi, First Published Apr 8, 2022, 10:56 AM IST

ദില്ലി: സില്‍വര്‍ലൈനില്‍ (Silver line) പ്രതികരണവുമായി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്നാണ് കരുതുന്നതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുമെന്നും ​ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. അതേസമയം സിൽവർലൈന്‍ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി (High Court) വ്യക്തത തേടി. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര അനുമതിയുണ്ടോയെന്ന് വിശദീകരിക്കണമെന്നാണ് സിംഗിൾ ബ‌െഞ്ചിന്‍റെ നിര്‍ദ്ദേശം. ഭൂമിയിൽ സർവ്വേ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. 

സിൽവർലൈൻ അതിരടയാളക്കലിടുന്നതുമായി ബന്ധപ്പെട്ട നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചപ്പോളാണ് നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആന്‍റ് ബൗണ്ടറീസ് ആക്ടിൽ  വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. 

സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിയ്ക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി ആരാഞ്ഞു. എന്നാൽ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും സർവ്വേ നടത്താനും സ്വകാര്യ ഭൂമിയിൽ കയറാൻ അധികാരമുണ്ടെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്തെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ഹർജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

 

 

Follow Us:
Download App:
  • android
  • ios