Asianet News MalayalamAsianet News Malayalam

വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവർണർ; കേരളത്തിലെ എല്ലാ പെൺകുട്ടികളും എൻ്റെയും മക്കളെന്ന് ​ആരിഫ് ഖാന്‍

കൊല്ലം നിലമേലിലെ വീട്ടിലെത്തിയ ഗവർണർ വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ്.  സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് ഗവർണർ പറഞ്ഞു. 

governor arif mohammad khan will visit kollam vismaya home
Author
Kollam, First Published Jun 28, 2021, 12:48 PM IST

കൊല്ലം: കൊല്ലം പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വികാരഭരിതനായി. കേരളത്തിലെ എല്ലാ പെൺകുട്ടികളും എൻ്റെയും മക്കളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധനം പോലുള്ള മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തിൽ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമന്നും ​ഗവർണർ പ്രതികരിച്ചു. 

സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ​അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്. പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനിൽക്കുന്നുണ്ട്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ പിന്നിലാണ്. സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം അനിവാര്യമാണ്. ഇതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് കണ്ടിട്ടുളളത്.അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും. വിസ്മയയെ മര്‍ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios