Asianet News MalayalamAsianet News Malayalam

കടുപ്പിക്കും ഗവ‍ർണർ, എസ്എഫ്ഐ പ്രതിഷേധത്തിൽ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും; ജാമ്യം തേടി പ്രതികൾ

പ്രതിഷേധക്കാരെ മന്ത്രിമാർ പൂർണ്ണമായും ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്

Governor Arif Mohammed Khan to send special report on SFI protest to central govt details here asd
Author
First Published Dec 13, 2023, 12:51 AM IST

തിരുവനന്തപുരം: എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം.

ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുക്കുമോ? ചോദ്യവുമായി സതീശൻ

ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവ‍ർണ‍ർ വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ പൂർണ്ണമായും ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.

അതേസമയം ഗവ‍ർണ‍ർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഐ പി സി 124 ആം വകുപ്പ് ചുമത്തിയ ആറു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെ എഫ് എം സി കോടതിയാണ് പരിഗണിക്കുക. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കാമെന്ന് തിരുവനന്തപുരം ജെ എഫ് എം സി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗവർണർക്കെതിരെ പ്രതിഷേധിച്ച കുറ്റത്തിന് അറസ്റ്റിലായ അഞ്ച് എസ് എഫ് ഐ പ്രവർത്തകർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അറസ്റ്റിലായതിൽ 5 പേർക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം ന​ഗരത്തിൽ മൂന്നിടങ്ങളിലാണ് ​ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതികരിച്ചിരുന്നു. രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ യാത്രക്കിടെയായിരുന്നു ​ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്.

അതിനിടെ ഗവര്‍ണര്‍ക്ക് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ പ്രതികൾക്കെതിരായ റിമാൻഡ് റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നത്.  ഇതോടൊപ്പം ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിമാന്‍‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios