സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ്
കണ്ണൂർ: സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോൺഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതം ചെയ്യുന്നതിനൊപ്പം, കഴിഞ്ഞ ആറു വര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറാകണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുകയാണ് കോൺഗ്രസ്. വി.ഡി.സതീശനും കെ.സുധാകരനൊപ്പം, കെ.മുരളീധരനും ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ-ഗവർണർ പോരിൽ കാഴ്ചക്കാരായി മാറി നിന്ന കോൺഗ്രസ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവർണറെ പിന്തുണച്ച് രംഗത്ത് വരുന്നത്. ഗവർണറുടെ പക്ഷം പിടിക്കാനില്ലെന്നും വിലപേശൽ തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. സർക്കാർ-ഗവർണർ പോര് എപ്പോൾ വേണമെങ്കിലും ഒത്തുതീരാമെന്നതും കോൺഗ്രസിനെ ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഇക്കുറി ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ മടക്കുകയും പിന്നാലെ കണ്ണൂർ സർവകലാശാല നിയമനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചതോടെ, ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
'കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയില്‍'; ഗുരുതര ആരോപണവുമായി ഗവർണർ
ഗവർണർക്ക് കത്ത് നൽകുമെന്ന് സതീശൻ
കണ്ണൂർ വിസിക്കെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മൗനം തുടർന്നാൽ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് പറയേണ്ടി വരും. ഗവർണറുമായി എത്രയോ തവണ കക്ഷി ചേർന്നവരാണ് സർക്കാർ. ഏറാൻ മൂളികളായ വിസിമാരെ നിയമിക്കുകയാണ്. കഴിഞ്ഞ ആറു വർഷത്തെ സർവകലാശാലാ നിയമനങ്ങൾ അന്വേഷിക്കാൻ ഗവർണർ തയ്യാറാകണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി നാളെ ഗവർണർക്ക് കത്ത് നൽകുമെന്നും സതീശൻ പറഞ്ഞു.
ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നെന്ന് സുധാകരൻ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറാകണം. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലില്‍ സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
വൈസ് ചാന്‍സലറെ ഇറക്കി ഗവര്‍ണർക്കെതിരെ സർക്കാർ നിഴല്‍ യുദ്ധം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. ഇത്രയും നാള്‍ ചെയ്ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ ശക്തമായ ആക്രമണം സിപിഎം നേതാക്കള്‍നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്‍മ സിപിഎം തകര്‍ത്ത് 'ഈജിയന്‍ തൊഴുത്താക്കി' മാറ്റി.
'ഗവർണറുടെ നടപടി സ്വാഗതാർഹം'
സർവകലാശാലകളിലെ ബന്ധുനിയമന വിവാദം അന്വേഷിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ സ്വാഗതം ചെയ്ത് കെ.മുരളീധരൻ എംപി. സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ യൂണിവേഴ്സിറ്റികളിൽ സ്ഥാനം ഉറപ്പിക്കുന്ന അവസ്ഥയാണെന്ന് മുരളീധരൻ ആരോപിച്ചു. സർവകലാശാലകളെ മാർക്സിസ്റ്റ് വത്കരിച്ച് ബന്ധുക്കളെ കുടിയിരുത്തുകയാണ്. അന്വേഷണം നടത്തുന്നതിനെ സിപിഎം എന്തിനാണ് ഭയപ്പെടുന്നതെന്നും മുരളീധരൻ ചോദിച്ചു. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവകലാശാലയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. വിസി തന്നെ ഗവർണർക്കെതിരായ പ്രമേയം അനുവദിച്ചത് ശരിയായില്ല എന്നും കെ.മുരളീധരൻ പറഞ്ഞു.
