തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. പൗരത്വ നിയമഭേദഗതിക്കെതിരെ അനുമതിയില്ലാതെ സുപ്രീം കോടതിയെ സമീപിച്ച സർക്കാറിനോട് വിശദീകരണം തേടുമെന്നാണ്  ഗവർണ്ണർ വ്യക്തമാക്കുന്നത്. റൂൾസ് ഓഫ് ബിസിനസ് വായിച്ചും ചട്ടലംഘനം ചൂണ്ടിക്കാട്ടിയും  സർക്കാറിനെതിരെ  ആരിഫ് മുഹമ്മദ് ഖാൻ തുടര്‍ച്ചയായി രംഗത്തെത്തുമ്പോൾ ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകുകയാണ്. 

24 മണിക്കൂറിനെടെ മൂന്ന് തവണയാണ്  സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനവുമായി ഗവര്‍ണര്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ചട്ടലംഘനത്തിൽ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയുടെത് മാത്രമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.  

കേന്ദ്രവുമായി ബന്ധപ്പെട്ടും മറ്റ് സംസ്ഥാനങ്ങളെ ബാധിക്കുന്നതുമായി കാര്യങ്ങളിൽ മുഖ്യമന്ത്രി ഗവർണ്ണറുടെ മുൻകൂർ അൻുമതി വാങ്ങണമെന്നാണ് റൂൾസ് ഓഫ് ബിസിനസ്സ് പറയുന്നത്. ഈ സാചര്യത്തിൽ ഗവർണ്ണർ ആവശ്യപ്പെടുന്ന റിപ്പോർട്ടിനോടുള്ള സർക്കാർ പ്രതികരണം പ്രധാനമാകുന്നതും.

റസിഡന്‍റ് ഭരണത്തിന്‍റെ കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ക്ക് മറുപടി നൽകിയിരുന്നു, കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതിയെ കേരളം ചോദ്യം ചെയ്യുന്നു. ആ നടപടിയെ ഗവർണ്ണർ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്യ പോരിലേക്ക് കാര്യങ്ങളെത്തിക്കുമ്പോൾ അസാധാരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉള്ളത്, 

തുടര്‍ന്ന് വായിക്കാം: അധികാരം മറികടക്കരുത്; മുഖ്യമന്ത്രിയെ ചട്ടംപഠിപ്പിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനോട് വിശദീകരണം തേടും...