തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ ക്രമക്കേടുകളിൽ ഗവർണർ ഇടപെടുന്നു. നടപടിയെടുക്കാൻ മുഖ്യമന്ത്രിയോടും ആരോഗ്യസർവകലാശാല വിസിയോടും ആവശ്യപ്പെടുമെന്ന് ഗവർണർ പി സദാശിവം വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

മെഡിക്കൽ കൗൺസിലിന്റെ അനുമതി ഉറപ്പാക്കാൻ നടത്തിയ പരിശോധനാ സമയത്ത് പണം കൊടുത്ത് ആളുകളെ കൊണ്ടുവന്ന് രോഗികളാക്കി ചിത്രീകരിച്ചത് അടക്കമുളള വിവരങ്ങളാണ് വിദ്യാർഥികൾ ഗവർണറെ ധരിപ്പിച്ചത്. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ക്ലാസുകൾ കൃത്യമായി നടത്തുന്നില്ലെന്നും വിദ്യാർഥികൾ ഗവർണറെ അറിയിച്ചു. എംസിഐ അഫിലിയേഷൻ ഉളള മറ്റ് കോളേജുകളിലേക്ക് തങ്ങളെ മാറ്റിയില്ലെങ്കിൽ കാര്യക്ഷമമായ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും വിദ്യാർഥികൾ ഗവർണർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി. 

വിദ്യാർഥികളെ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യസർവകലാശാല വൈസ് ചാൻസലർക്കും നിർദ്ദേശം നൽകുമെന്ന് ഗവർണർ വിദ്യാർഥികൾക്ക് ഉറപ്പുനൽകി. സർവകലാശാലയുമായി ബന്ധപ്പെട്ട മറ്റ് പരാതികളിൽ ഇടപെടുമെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.