രാജ്ഭവനിലെ ബഹിഷ്കരണം കൊണ്ട് വിവാദമായ ചടങ്ങിന് ശേഷം ഗവര്‍ണറും കൃഷിമന്ത്രിയും ഇത് ആദ്യമായിട്ടാണ് ഒരേവേദി പങ്കിടുന്നത്.

തൃശൂര്‍: ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും. കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂരില്‍ നടന്ന ബിരുദ ദാനച്ചടങ്ങില്‍ ഗവര്‍ണര്‍ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു. വേദിയില്‍ ഭാരതാംബ ചിത്രം വച്ചിരുന്നില്ല. എന്നാല്‍ വേദിക്ക് പുറത്ത് മാധ്യമങ്ങളെക്കണ്ട പി. പ്രസാദ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ചു.

രാജ്ഭവനിലെ ബഹിഷ്കരണം കൊണ്ട് വിവാദമായ ചടങ്ങിന് ശേഷം ഗവര്‍ണറും കൃഷിമന്ത്രിയും ഇത് ആദ്യമായിട്ടാണ് ഒരേവേദി പങ്കിടുന്നത്. പുഴയ്ക്കലിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിരുദ ദാനച്ചടങ്ങിനാണ് ഇരുവരും എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരും പരിപാടിക്കെത്തി. ഒരാളുടെയും ജനാധിപത്യ വിരുദ്ധ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് പി പ്രസാദ് വേദിയിലെത്തിയത്. പരിപാടിയില്‍ നിലവിളക്ക് കൊളുത്തലും ഭാരതാംബ ചിത്ര വന്ദനവും ഉണ്ടായിരുന്നില്ല. പ്രസംഗത്തില്‍ ആദ്യ ഊഴം പ്രസാദിന്‍റേതായിരുന്നു. വിവാദങ്ങള്‍ തൊടാതെയുള്ള പ്രസംഗം. പ്രസംഗം പൂര്‍ത്തിയാക്കി കസേരയിലിരുന്ന പ്രസാദ് ഗവര്‍ണറോട് കുശലാന്വേഷണം നടത്തി. ഗൗരവം വിട്ട് ചിരിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ മറുപടി. പിന്നാലെ പ്രസംഗിക്കാനെഴുനേറ്റ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കൃഷിമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. വേദിയില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടായില്ലെങ്കിലും ഭാരതാംബ വിവാദത്തില്‍ പുറത്ത് കൃഷി മന്ത്രി നിലപാട് ആവര്‍ത്തിച്ചു.