കണ്ണൂർ വിസിയുടെ നിയമനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു. സമ്മർദ്ദം ഉള്ളത് കൊണ്ടാണ്  നിയമനത്തിൽ ഒപ്പിട്ടതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്

ദില്ലി: കാലടി സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഒറ്റപേര് മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). കണ്ണൂർ വിസി (Kannur VC) നിയമനത്തിൽ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മർദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവർണർ പറഞ്ഞു. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഗവർണർ, നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.

കണ്ണൂർ വിസിയുടെ നിയമനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു. സമ്മർദ്ദം ഉള്ളത് കൊണ്ടാണ് നിയമനത്തിൽ ഒപ്പിട്ടതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ഭിന്നത ഒഴിവാക്കാനാണ് ഒപ്പിട്ടത്, അതിൽ ഏജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്നാണ് വിശദീകരണം. ചാൻസലർ സ്ഥാനം വേണ്ടന്ന് വക്കാനുള്ള തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. സമ്മർദ്ദങ്ങൾക്ക് ഇനിയും നിന്നുകൊടുക്കാൻ ആകില്ലെന്നാണ് നിലപാട്. 

ഗവർണർ ചാൻസലർ ആയി ഇരിക്കുമ്പോൾ മറ്റൊരാൾക്ക് തീരുമാനമെടുക്കാനാകില്ല. സർവകലാശാലകളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. റെസിഡൻ്റ് പരാമർശം തന്നെ വേദനിപ്പിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു. 

ആദ്യമായാണ് ഭിന്നത ഉണ്ടാകുന്നതെന്ന് പറഞ്ഞ ഗവർണർ ഈ ഭിന്നത എക്കാലവും തുടരണമെന്നില്ലെന്നും കൂട്ടിച്ചേർത്തു. സർവകലാശാലകളിൽ ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയാൽ തിരുമാനം പുനപരിശോധിച്ചേക്കാം എന്നാണ് പറഞ്ഞത്. ചാൻസലർ നിയമനങ്ങൾ അറിയുന്നത് പത്രങ്ങളിലൂടെയാണെന്നും രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ ആവർത്തിച്ചു. 

മുഖ്യമന്ത്രി പറഞ്ഞത്. 

Read More: ഒപ്പിട്ടിറക്കിയത് തള്ളിപറയുന്നോ? ചാൻസിലർ സ്ഥാനം മോഹമില്ല; ഗവ‍ർണർക്ക് മുഖ്യമന്ത്രിയുടെ പരസ്യ മറുപടി

​ഗവ‌ർണ‌ർ നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാ‌ർത്താ സമ്മേളനം വിളിച്ചത്. കണ്ണൂർ, കാലടി വിസി നിയമനങ്ങളിൽ ഗവർണർ തന്നെയെടുത്ത തീരുമാനങ്ങൾ മാറ്റിപ്പറയുന്നത് ബാഹ്യ സമ്മർദ്ദം കൊണ്ടാകാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ചാൻസിലർ പദവിക്ക് മോഹമില്ലെന്ന് വ്യക്തമാക്കിയ പിണറായി, എടുത്ത തീരുമാനങ്ങളിൽ ഒന്നിൽ നിന്നുപോലും പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച് ‌‌വ്യക്തമാക്കുകയും ചെയ്തു.

YouTube video player

ഡിസംബർ എട്ടിന് ഗവർണർ സർക്കാരിനെതിരായ കുറ്റപത്രം പോലെ അയച്ച കത്തിന് നാലുദിവസമിപ്പുറമാണ് മുഖ്യമന്ത്രി അക്കമിട്ട് മറുപടി പറഞ്ഞത്. ഉന്നത വിദ്യാഭ്യസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവർണർക്കൊപ്പം പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ് തുടങ്ങിയ പിണറായി പക്ഷെ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങളൊന്നുപോലും ശരിയല്ലെന്ന് സമർത്ഥിക്കാനാണ് വാർത്താ സമ്മേളനത്തിലുടനീളം ശ്രമിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ്ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ഗവർണർ തന്നെ ഒപ്പിട്ടതിന് ശേഷം മാറ്റിപ്പറയുന്നു. കാലടിയിൽ ഒരു പേര് മതിയെന്ന് പറഞ്ഞതും ഗവർണർ തന്നെയാണെന്നാണ് ​മുഖ്യമന്ത്രി പറഞ്ഞത്. ഇതാണ് ഇതിന് ശേഷം നടത്തിയ വാ‌ർത്താ സമ്മേളനത്തിൽ ​ഗവ‌ർണ‌‍ർ മാറ്റിപറഞ്ഞത്. 

രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനായി ചാൻസിലർ സ്ഥാനം ഏറ്റെടുത്തുകൊള്ളൂ എന്ന ഗവർണറുടെ പരാമർശം മുഖ്യമന്ത്രി ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ചർച്ച ഇനിയും തുടരുമെന്ന് പറയുമ്പോഴും എടുത്ത തീരുമാനങ്ങൾ ഒന്നുപോലും പുനപരിശോധിക്കില്ലെന്ന് ആവർത്തിച്ച് അടിവരയിടുകയാണ് മുഖ്യമന്ത്രി. 

YouTube video player

നേ‍ർക്കുനേർ പോര്

പൗരത്വ പ്രതിഷേധ കാലത്തെ റസിഡൻ്റ് ആക്ഷേപം വ്യക്തിപരമല്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിമർശനം ഭയന്ന് ചെയ്യേണ്ട ജോലി ചെയ്യാതെ ഉത്തരവാദിത്തം സർക്കാറിൻറെ തലയിൽ ഇടരുതെന്ന് കൂടി ഗവർണ്ണറെ ഓ‌ർമ്മിപ്പിക്കുന്നു. പൗരത്വ വിവാദകാലത്തെക്കാൾ രൂക്ഷമാണ് നിലവിലെ ഗവർണ്ണർ - മുഖ്യമന്ത്രി പോര്. ഉന്നയിച്ച വിമർശനത്തിലെ തിരുത്തലും രാഷ്ട്രീയ ഇടപടെൽ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പുമില്ലാതെ ചാൻസലർ കസേരയിലേക്കില്ലെന്ന് രണ്ടാം ദിനവും ഗവർണ്ണർ ആവർത്തിച്ചു. എന്നാൽ വിസിമാരെ പുകഴ്ത്തി എടുത്ത തീരുമാനങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി ഗവർണ്ണറെ സംശയത്തിൻറെ നിഴലിൽ കൂടി ആക്കുമ്പോൾ സമവായത്തിൻ്റെ സാധ്യത കാണുന്നില്ല. ആയുധങ്ങളെല്ലാം ആഞ്ഞുവീശി പോ‍ർവിളിക്കുമ്പോൾ ഇരുവരും ആവർത്തിക്കുന്ന ഏറ്റുമുട്ടാനില്ല പ്രയോഗം വെറും വാക്ക് മാത്രം.