Asianet News MalayalamAsianet News Malayalam

'9 സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണം', ഡിജിപിക്ക് കത്തുനല്‍കി ഗവര്‍ണര്‍

പ്രശ്‍നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. 

governor seek protection to nine university
Author
First Published Oct 24, 2022, 7:21 PM IST

തിരുവനന്തപുരം: തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍. ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ കത്തുനല്‍കി. പ്രശ്‍നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. ഹൈക്കോടതി വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. 

ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമുളള  വൈസ് ചാൻസലർമാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയുളള ഗവർണറുടെ നടപടി സ്വഭാവിക നീതിയുടെ  ലംഘനമാണെന്ന വൈസ് ചാൻസലർമാരുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു.  

നിശ്ചിത യോഗ്യതയില്ലെങ്കിൽ, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേൾക്കാതെ രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടുപോകാൻ തടസമില്ല. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 

അന്തിമ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ വൈസ് ചാൻസലർമാർക്ക് കോടതിയെ സമീപിക്കാം. സാങ്കേതിക സർവകാശാല വൈസ് ചാൻസലറെ നീക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദേശം ചോദ്യം ചെയ്താണ് ഒന്‍പത് വൈസ് ചാൻസലർമാരും ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. 

രാജിവെച്ച് പുറത്തുപോകണമെന്ന തന്‍റെ ഉത്തരവ് അപേക്ഷ മാത്രമായിരുന്നെന്നും മാന്യമായി പുറത്തുപോകാനുളള അവസരം ഒരുക്കുകയായിരുന്നെന്നും ഗവർണർ കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്‍റെ യുക്തിയെന്തെന്നും കോടതി ഗവർണറോട് ചോദിച്ചു. കാരണം കാണിക്കൽ നോട്ടീസോടെ രാജിവെച്ച് പുറത്ത് പോകണമെന്ന ഗവർണറുടെ ഉത്തരവ് അപ്രസക്തമായെന്ന കണ്ടെത്തലോടെയാണ് വൈസ് ചാൻസലർമാരുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios