തിരുവനന്തപുരം: നിലവിലെ വാർഡുകളിൽ മാറ്റമില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഓർഡിൻസിൽ ഗവർണ്ണർ ആരിഫ്  മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വാർഡുകളുടെ എണ്ണം ഓരോന്ന് വീതം കൂട്ടാനുള്ള നിയമഭേദഗതി അസ്ഥിരപ്പെടുത്തുന്നതാണ് ഓ‌ർഡിനൻസ്. വാർഡുകൾ വിഭജിക്കാൻ നേരത്തെ ഇറക്കിയ ഓർഡിനൻസ് ഗവർണർ ഒപ്പിടാത്തതിനാലായിരുന്നു സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്.

ഈ സാഹചര്യത്തിൽ ഗവർണർ പുതിയ ഓർഡിനൻസിൽ ഒപ്പിടുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കൊവിഡ് സ്ഥിതി അടിസ്ഥാനമാക്കി ഒക്ടോബറിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ്. വാർഡ് വിഭജനം തീർക്കാൻ കാലതാമസമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെയാണ് നിലവിലെ വാർ‍ഡുകൾ അടിസ്ഥാനമാക്കാൻ സർക്കാർ തീരുമാനിച്ചത്.