ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. ഷൊർണൂരിൽ നടന്ന മോഷണത്തിലാണ് ചെറുതുരുത്തി സ്വദേശി സനൂപ് പിടിയിലായത്
പാലക്കാട്: ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. ഷൊർണൂരിൽ നടന്ന മോഷണത്തിലാണ് ചെറുതുരുത്തി സ്വദേശി സനൂപ് പിടിയിലായത്. റിമാൻഡിലിരിക്കെ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെയാണ് റെയിൽവേ പൊലീസ് വീണ്ടും പിടികൂടിയത്. 2019 ഫെബ്രുവരി 20 ന് മലബാർ എക്സ്പ്രസിലായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന കല്ലായി സ്വദേശിയുടെ ബാഗാണ് സനൂപ് മോഷ്ടിച്ചത്.
മൊബൈൽ ഫോണും സ്വർണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ അന്നു തന്നെ റെയിൽവേ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നൽകും മുമ്പെ പ്രതി ജാമ്യമെടുത്ത് മുങ്ങി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെയും വീട്ടുകാരുമായി ബന്ധപ്പെടാതെയും ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നാണ് സനൂപിനെ പിടികൂടിയത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കളവു കേസുകളും നിലവിലുണ്ട്.



