തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തില്‍ നിന്ന് ഏറെ അകലയാണെന്നതൊഴിച്ചാല്‍ മലയാളികള്‍ക്കായി മിസോറാമില്‍ നിന്നുകൊണ്ടും പ്രവര്‍ത്തിക്കുകയാണെന്ന് ഗവര്‍ണര്‍ പി  എസ് ശ്രീധരന്‍പിള്ള . മിസോറാമില്‍ നിന്ന് കേരളത്തിലെത്തിയിട്ട് എട്ട് മാസമായി. പ്രമേഹത്തിന്റെ അസുഖമുള്ളതിനാലും പ്രോട്ടോക്കോള്‍ പാലിച്ചുള്ള യാത്രയായതിനാലും അടുത്തൊന്നും കേരളത്തില്‍ വരാനായിട്ടില്ല ശ്രീധരന്‍പിള്ളയ്ക്ക്. എന്നാല്‍ കേരളത്തിലുള്ളവര്‍ക്കും പുറത്തുമുള്ള മലയാളികള്‍ക്കായി മിസോറാമില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

കൊവിഡ് നിയന്ത്രണങ്ങളില്‍ മിസോറാമില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ളവര്‍ താമസിക്കാന്‍ സൗകര്യമില്ലാതെ വലഞ്ഞപ്പോള്‍ മിസോറാമിലെ രാജ്ഭവന്‍ തുറന്ന് നല്‍കിയടക്കമുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പങ്കുവച്ചു. 143 മലയാളികളെ നാട്ടിലെത്തിക്കാനും തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ കൊവിഡ് കാലത്ത് കേരളത്തിന് വേണ്ടി ഏറ്റവുമധികം പ്രവര്‍ത്തിച്ചത് ആരെന്ന് ചോദിച്ചാല്‍ തന്റെ പേരായിരിക്കും ജനം പറയുക എന്നും ശ്രീധരന്‍പിള്ള. അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും കൂടുതല്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കേരളത്തിലെത്താന്‍ കഴിയുന്നില്ലെങ്കിലും കേരളവും, വക്കീല്‍ ജീവിതവും ഗൃഹാതുരമാണെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ കക്ഷി രാഷ്ട്രീയത്തില്‍ ഇല്ലെന്നും പറയുന്ന അദ്ദേഹം മുന്‍കാല രാഷ്ട്രീയ ജീവിതത്തിനൊപ്പം തന്നെ അഭിഭാഷക വൃത്തിയേയും ചേര്‍ത്തുവയ്ക്കുന്നു. അതുകൊണ്ടുതന്നെ മിസോറാമില്‍ ഇരിക്കുമ്പോഴും അഭിഭാഷകനാകാന്‍ തന്റെ ഉള്ള് വെമ്പുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

"

ഗവര്‍ണര്‍ പദവി അവസാനിക്കുന്ന ഒരു ദിവസം തന്റെ കറുത്ത ഗൗണിട്ട് കേരളത്തിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. 45 വര്‍ഷത്തോളം രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും അഭിഭാഷക ജീവിതത്തിലെ വരുമാനംകൊണ്ടാണ് കഴിഞ്ഞതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. 

കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാനത്ത് രാഷ്ട്രീയ അതിപ്രസരമാണെന്നായിരുന്നു മറുപടി. മിസോറാമില്‍ എല്ലാവരും മാസാഹാരമാണ് കഴിക്കുകയെന്നും താന്‍ എല്ലാ ആഹാരവും കഴിക്കുമെന്നും കൂടി ഒരു ചിരിയോട് ഇതിനിടിയല്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.