ഒൻപത് വൈസ് ചാൻസലർമാരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി
തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.
എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം.
