ദില്ലി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  സംസാരിച്ചു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും ഗവര്‍ണര്‍ പരിശോധിക്കുകയാണ്. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവര്‍ണര്‍ ആരായുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിൽ തര്‍ക്കും തുടരുകയാണ്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയഭേദഗതിക്കെതിരായ സംസ്ഥാന എതിർപ്പ് ഉൾപ്പെടുത്തുന്ന നയ പ്രഖ്യാപന പ്രസംഗം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 29നാണ് നയ പ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിയോടുള്ള സംസ്ഥാനത്തിന്‍റെ പ്രതിഷേധവും സുപ്രീംകോടതിയെ സമീപിച്ചതും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ അയച്ചുകൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ചില വാക്കുകളും പ്രയോഗങ്ങളും മാറ്റണമെന്ന് രാജ്ഭവൻ ആവശ്യപ്പെടാറുണ്ട്. പക്ഷെ സുപ്രധാനമായ ഒരു ഭാഗം പൂർണ്ണമായും ഒഴിവാക്കണമെന്ന് ഗവർണ്ണർമാർ നിർദ്ദേശിക്കാറില്ല. ഇവിടെ അതുണ്ടാകുമോ എന്നുള്ളതാണ് പ്രധാനം. ഗവർണ്ണർ ആവശ്യപ്പെട്ടാലും സർക്കാറിന് നിലപാടിൽ ഉറച്ചുനിൽക്കാം. അപ്പോഴും ഗവർണ്ണർക് എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം.