താൽകാലിക വിസി നിയമനത്തില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്
തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകൾ ഇന്നു നല്‍കണം എന്നാണ് കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സമയം നീട്ടി ചോദിക്കാനാണ് ഗവര്‍ണറുടെ നീക്കം.
താൽകാലിക വിസി നിയമനത്തില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
