Asianet News MalayalamAsianet News Malayalam

'ഇർഫാൻ ഹബീബ് ബലമായി തടയാൻ ശ്രമിച്ചു'; പ്രതികരണവുമായി ഗവര്‍ണര്‍

തടയാൻ ശ്രമിച്ച ഗവർണറുടെ എഡിസിയെയും സുരക്ഷാജീവനക്കാരനെയും ആരിഫ് മുഹമ്മദ് ഖാൻ തള്ളിമാറ്റിയെന്നും ട്വീറ്റിൽ പറയുന്നു. 

governor tweet on history congress inaugural controversy
Author
Thiruvananthapuram, First Published Dec 28, 2019, 7:44 PM IST

തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ. ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്ന് ഗവർണർ ട്വിറ്റ് ചെയ്തു. ഉദ്ഘാടന പ്രസംഗം ഇർഫാൻ ഹബീബ് തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും മൗലാൻ അബ്ദുൾ കലാം ആസാദിന്‍റെ വാക്കുകൾ ഉദ്ധരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും ട്വീറ്റിൽ പറയുന്നു. 

തടയാൻ ശ്രമിച്ച ഗവർണറുടെ എഡിസിയെയും സുരക്ഷാജീവനക്കാരനെയും ആരിഫ് മുഹമ്മദ് ഖാൻ തള്ളിമാറ്റിയെന്നും ട്വീറ്റിൽ പറയുന്നു. 

" ശ്രീ ഹബീബ്, പൗരത്വഭേദഗതിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. അതിന് ഗവർണർ ഉത്തരം നൽകി,എന്നാൽ ഇതിന് പിന്നാലെ ശ്രീ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് ഗവർണറെ തടയാൻ ശ്രമിച്ചു, ഇത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് " ഗവർണർ ട്വീറ്റ് ചെയ്തു. 


ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാര്‍ഥികളും ഉയർത്തിയത്. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാല്‍ പിന്നീട് പൊലീസ് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളാണ്.  വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ 'പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി."

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണറോട് ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.  

കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നൽകിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിക്കുകയും ചെയതു. എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടലില്‍ നിന്നും വ്യത്യസ്തമായി  വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. നേരത്തെ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഗവർണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴി യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

Follow Us:
Download App:
  • android
  • ios