''മുഖ്യമന്ത്രി രാജാവല്ലേ, പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് ചോദിക്കട്ടെ. വി ഡി സതീശൻ സർക്കാരിന്‍റെ അടുത്ത ആളാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ 'മറുപടി അർഹിക്കുന്നില്ല' എന്ന് പച്ചമലയാളത്തിൽ പറഞ്ഞു ഗവർണർ.

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞെന്ന വാർത്തകളെ ഇന്നും തള്ളാതെ വിമർശനങ്ങളെ നേരിട്ട് ഗവർണർ. മുഖ്യമന്ത്രിയെ രാജാവെന്ന് വിളിച്ച ഗവർണർ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണങ്ങൾക്ക് 'മറുപടി അർഹിക്കുന്നില്ല' എന്ന് പച്ചമലയാളത്തിൽ പറഞ്ഞു. തന്‍റെ വാ മൂടിക്കെട്ടിയികരിക്കുകയാണെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷനേതാവ് എല്ലാം മുഖ്യമന്ത്രിയോട് ചോദിക്കട്ടെയെന്നും, വി ഡി സർക്കാരിന്‍റെ അടുത്ത ആളല്ലേ എന്നും പറഞ്ഞു. ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണെന്നും, വാ മൂടിക്കെട്ടിയിരിക്കുകയാണ് എന്ന് പറയുന്ന ഗവർണർ പറയേണ്ടതൊഴിച്ച് ബാക്കിയെല്ലാം പറയുന്നുണ്ടെന്നും വി ഡി സതീശൻ തിരിച്ചടിച്ചു. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് ശുപാർശ ചെയ്തെന്ന വാർത്തകളെ പരോക്ഷമായി ഇന്നും ന്യായീകരിച്ചായിരുന്നു വിമർശനങ്ങളെ ഗവർണർ നേരിട്ടത്. ഡി ലിറ്റ് ശുപാർശ സർക്കാർ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താനില്ലെന്നായിരുന്നു ഗവർണറുടെ മറുപടി. 

''പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങൾ മ-റു-പ-ടി അർഹിക്കുന്നില്ല. അദ്ദേഹം സർക്കാരിന്‍റെ അടുത്ത ആളാണല്ലോ. അദ്ദേഹത്തിന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമല്ലോ. എന്‍റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്‍റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷേ മര്യാദ കാരണം താനൊന്നും പറയുന്നില്ല. മര്യാദയുടെ സീമ എല്ലാവരും പാലിക്കണം'', ഗവർണർ പറഞ്ഞു. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അൽപമെങ്കിലും ലജ്ജ വേണമെന്നും സതീശനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ പറഞ്ഞു. 

എന്നാൽ ഗവർണർക്കെതിരെ ശക്തമായ ഭാഷയിൽത്തന്നെ വി ഡി സതീശൻ തിരിച്ചടിച്ചു. ''ബിജെപി നേതാക്കൾ എഴുതിക്കൊടുക്കുന്നത് വായിച്ച് ഗവർണർ സ്ഥാനത്തിന് കളങ്കം വരുത്തുകയാണ് ചെയ്തത്. ചെയ്ത നിയമലംഘനം എന്തുകൊണ്ട് ഗവർണർ തിരുത്തുന്നില്ല? തെറ്റായ നിയമനമാണ് ഒരു വൈസ് ചാൻസലറുടേതെങ്കിൽ എന്തുകൊണ്ട് ആ വിസിയെ ഗവർണർ പുറത്താക്കുന്നില്ല? ഒരു സ്ഥിരതയുമില്ലാത്തയാളാണ് ഗവർണർ. പൂർവാശ്രമത്തിൽ ചെയ്തതാണ് ഇപ്പോഴും ചെയ്യുന്നത്. സർക്കാരിന്‍റെ സമ്മർദ്ദത്തിന് ഗവർണർ അനാവശ്യമായി വഴങ്ങി. സർക്കാർ അനാവശ്യമായി സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തുകയാണ്'', സതീശൻ ആരോപിച്ചു.

ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് സതീശൻ ആവർത്തിച്ചു. ''ഡി ലിറ്റിന്‍റെ കാര്യം ഗവർണർ വാ തുറന്ന് പറയണം. ചാനലുകൾക്ക് വാർത്ത ചോർത്തിക്കൊടുത്താൽ പോര. പറയാനുള്ളതൊക്കെ ഗവർണർ പറയുന്നുണ്ട്. പിന്നെങ്ങനെ വാ മൂടിക്കെട്ടിയെന്ന് പറയും? പറയേണ്ടത് പറയുന്നില്ല എന്നതാണ് പ്രശ്നം'', വി ഡി സതീശൻ പറയുന്നു. 

ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണെന്ന് സതീശൻ ആരോപിക്കുന്നു. ''മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഒന്നും പറഞ്ഞില്ല. തെറ്റായ നിയമനം നടന്നാലപ്പോൾ വൈസ് ചാൻസലർ രാജി വയ്ക്കണ്ടേ? അതല്ലെങ്കിൽ പുറത്താക്കണ്ടേ? അത് ചെയ്യുന്നില്ല. സർക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഗവർണർ കുട പിടിക്കുകയാണ്. സർക്കാർ ചെയ്ത തെറ്റ് ഗവർണർ തിരുത്തണം. വൈസ് ചാൻസലർ സ്ഥാനം രാജി വയ്പിക്കണം'', സതീശൻ ആവശ്യപ്പെട്ടു.

ഡി ലിറ്റ് പോരിൽ സർക്കാറിനെതിരായ ചെന്നിത്തലയുടെ വിമർശനങ്ങൾ ഇന്നും സതീശൻ ഏറ്റെടുത്തില്ല എന്നത് ശ്രദ്ധേയമായി. ഗവർണറെ തന്നെയാണ് വിമർശിക്കേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുന്നത്. എന്നാൽ സ‍ർക്കാരിനൊപ്പം, തന്നെ നേരിടുന്ന പ്രതിപക്ഷനേതാവിനെയും വിമർശിച്ചാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്.