തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്നാണ് ഗവര്‍ണറുടെ ചോദ്യം.  കയ്യേറ്റം കണ്ണൂർ വിസി പൊലീസിനെ അറിയിച്ചില്ല. അതിനാൽ വിസിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുത്താനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.  

തിരുവനന്തപുരം: കണ്ണൂര്‍ വിസിക്കെതിരായ തന്‍റെ പരാമര്‍ശത്തെ എതിര്‍ത്ത ചരിത്രകാരന്‍ ഇര്‍ഫാൻ ഹബിബിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അക്കാദമിക് പ്രവർത്തനമോ തെരുവ് ഗുണ്ടായിസമോ എന്നാണ് ഗവര്‍ണറുടെ ചോദ്യം. കയ്യേറ്റം കണ്ണൂർ വിസി പൊലീസിനെ അറിയിച്ചില്ല. അതിനാൽ വിസിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുത്താനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. 

തനിക്ക് എതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ വിസിയും പങ്കാളി എന്ന് ഗവർണർ ആവര്‍ത്തിക്കുന്നു. കറുത്ത ഷർട്ട് ധരിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിൽ തനിക്ക് എതിരായ അക്രമത്തിന് ശേഷവും ഇർഫാൻ ഹബീബിന് ആത്മവിശ്വാസം എന്ന് പറയുന്ന ഗവർണർ മുഖ്യമന്ത്രിയെയും പരോക്ഷമായി വിമര്‍ശിക്കുകയാണ്. കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ ഒന്നുകൂടി കാണണം എന്ന പരിഹാസവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി. സമാന ചിന്താഗതിക്കാരായ നിങ്ങൾക്ക് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നത് തെറ്റ് അല്ലെന്ന് ധാരണയുണ്ടെന്നും ഇർഫാൻ ഹബിബിന് മറുപടിയായി ഗവര്‍ണര്‍ പറയുന്നു. 

Read Also: 'രാജ്ഭവനെ സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി'; ഗവർണർക്കെതിരെ എൽഡിഎഫ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളിയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയത്.ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ഇന്ന് ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കണ്ണൂര്‍ വിസി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.

Read Also; ചർച്ചകൾക്ക് എരിവ് കൂട്ടി ഗവർണറുടെ 'ക്രിമിനൽ വിസി' പരാമർശം, സർക്കാറിന് അവസരവും ആയുധവും കൈവന്നോ?

കണ്ണൂര്‍ സര്‍കലാശാലയെ തകര്‍ത്തു കൊണ്ടിരിക്കുന്ന വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറാണെന്ന ആരോപണം ഗവര്‍ണര്‍ ഇന്നും ആവര്‍ത്തിച്ചു. നിരവധി അനധികൃത നിയമനങ്ങള്‍ വിസി നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. വൈസ് ചാന്‍സലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ പറഞ്ഞു.