Asianet News MalayalamAsianet News Malayalam

ചർച്ചകൾക്ക് എരിവ് കൂട്ടി ഗവർണറുടെ 'ക്രിമിനൽ വിസി' പരാമർശം, സർക്കാറിന് അവസരവും ആയുധവും കൈവന്നോ?

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന തങ്ങളുടെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പുതിയ ആരോപണങ്ങളെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്

LDF claims that Governor Arif Mohammad Khans new allegations prove their allegation that he is playing politics
Author
Kerala, First Published Aug 21, 2022, 4:03 PM IST

തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടാതെ സർക്കാറിനെ പലവട്ടം പ്രതിസന്ധിയിലാക്കിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സർക്കാർ-ഗവർണർ നേർപോര് തുടങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതോടെ അനുനയം ആയിരുന്നു ഗവർണറുടെ പതിവെങ്കിൽ ഇത്തവണ അതിനൊന്നും പ്രസക്തിയില്ലെന്ന് നേരത്തെ തന്നെ ഗവർണർ സൂചന നൽകി. അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറെ പ്രതിരോധിക്കാൻ എൽഡിഎഫ് നേതാക്കളെല്ലാം കച്ചമുറുക്കി ഇറങ്ങുകയും ചെയ്തു. എന്നാൽ ഗവർണറുടെ ചില കൈവിട്ട, വാവിട്ട കളികളിൽ സ്കോർ ചെയ്യാൻ സാധിച്ചേക്കുമെന്നാണ് പുതിയ സാഹചര്യത്തിൽ സർക്കാർ കരുതുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന തങ്ങളുടെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പുതിയ ആരോപണങ്ങളെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്.  കണ്ണൂർ വിസി ക്രിമിനലാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. 2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ  പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍  ആരോപിക്കുന്നത്. 

തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി.  ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കണ്ണൂര്‍ വിസി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.

എന്നാൽ  അദ്ദേഹം ആരോപിക്കുന്നത് പോലെ കണ്ണൂര്‍ വിസി ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് നേരത്തേ നടപടിയെടുത്തില്ലെന്ന ചോദ്യമാണ് എൽഡിഎഫ് മറുപടി. വിസിക്കെതിരായ ക്രിമിനല്‍ പ്രയോഗത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.  2019 ല്‍ നടന്ന സംഭവം. ഗവര്‍ണര്‍ ഇപ്പോല്‍ പറയുന്നത് പോലെ അദ്ദേഹത്തിനെതിരെ ശാരീരിക അക്രമത്തിനടക്കം ശ്രമമുണ്ടാകുകയും വിസി തന്നെ ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തെങ്കില്‍ എന്തുകൊണ്ട് ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നാണ് പ്രധാന ചോദ്യം. പിന്നീട് മുഖ്യമന്ത്രിയടക്കം ‌എല്ലാവരുമായി പലവട്ടം അദ്ദേഹം പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരമൊരു പരാതി ഗവര്‍ണര്‍ ഉന്നയിച്ചിട്ടില്ല. മാത്രമല്ല കണ്ണൂര്‍ വിസിയുടെ കാലാവധി നീട്ടുന്ന ഫയല്‍ ഒപ്പിട്ടതും ഇതേ ഗവര്‍ണരാണ്. ക്രിമിനലായ ഒരാൾക്കാണോ പിന്നെയും തുടരാന്‍ അനുമതി കൊടുത്തെന്ന ചോദ്യവും പ്രസക്തമാണ്.

Read more: ലോകായുക്ത ഭേദഗതി, ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കൽ, പ്രക്ഷുബ്‍ധമാകുമോ സഭ; നിയമസഭാ സമ്മേളനം നാളെ മുതൽ

പൗരത്വ വിഷയത്തില്‍ ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. അനധികൃത നിയമനമടക്കം സര്‍ക്കാരിന്‍റെ പിടിപ്പുകേടുകള്‍ക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന പോരാട്ടത്തിന് പ്രതിപക്ഷം പിന്തുണ കൊടുക്കുന്നുണ്ട്. എന്നാല്‍ പൗരത്വവിഷയത്തിലുള്ള പ്രതിഷേധത്തിന്‍റെ കാര്യമായതിനാല്‍ ഗവര്‍‌ണറുടെ ക്രിമിനല്‍ പ്രയോഗം അതേപടി പ്രതിപക്ഷം ഏറ്റെടുക്കാനിടയില്ല. നിയമസഭാസമ്മേളനം നാളെ തുടങ്ങുമ്പോള്‍ ഗവര്‍ണറുടെ ക്രിമിനല്‍ പ്രയോഗം ചര്‍ച്ചകള്‍ക്ക് എരിവ് കൂട്ടുമെന്ന കാര്യം ഉറപ്പാണ്. 25ന് തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഈ ആരോപണങ്ങളില്‍ ഗവര്‍ണര്‍ എന്ത് തുടര്‍നടപടിയെടുക്കുന്നുവെന്നതും ശ്രദ്ധേയമായിരിക്കും.

Read more: ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുന്നു; സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും എം വി ജയരാജന്‍

വിവാദം, നടപടി, കാരണം

കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനം നടന്നെന്ന് ചൂണ്ടികാട്ടിയാണ് ഗവർണർ പോരിന് കാഹളം മുഴക്കുന്നത്. ഗവർണറുടെ അധികാരത്തിന് വിലങ്ങിടാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കിടെ 'പവർ ഓഫ് ചാൻസലർ' എന്താണെന്ന് കാട്ടുന്നതിനൊപ്പം തുടർ നടപടികൾ എന്താകും എന്നതിലും ഏവ‍ർക്കും ആകാംക്ഷയുണ്ടാകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയാണ് ഗവർണ‍ർ ആദ്യം നോട്ടമിടുന്നത് എന്നത് വ്യക്തം. മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടികയിൽ ചട്ടലംഘനങ്ങളുണ്ടായെന്ന് ചൂണ്ടികാട്ടിയ ഗവർണർ, വിസിയോട് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടികയാണ് ഗവർണർ മരവിപ്പിച്ചച്. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. എല്ലാത്തിനുമൊടുവിലാണ് ഗവർണർ മരവിപ്പിക്കൽ നടപടിയിലേക്ക് നീങ്ങിയത്.

Follow Us:
Download App:
  • android
  • ios