ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയുമാണ് അടിയന്തിരമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലിൽ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തിയത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player