മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ഷോൺ ജോർജ്. മീനച്ചിലാറ്റിൽ അടിഞ്ഞുകൂടിയ മണൽ, നീക്കം ചെയ്യാത്തത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്നും ഇത് നീക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി ഡി സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പരിഹസിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ല. ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.

മീനച്ചിലാറ്റിലെ മണൽ മാറ്റണം

മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടി കിടക്കുന്നത്. ഇത് കൃത്യമായി നീക്കം ചെയ്യാത്തതിനാൽ നദികളുടെ വ്യാപ്തി കുറയുകയും ചെറിയ മഴയിൽ പോലും വലിയ വെള്ളപ്പൊക്കവും ദുരന്തവും ഉണ്ടാകുകയും ചെയ്യുകയാണ്. സർക്കാർ ഈ വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ വരും വർഷങ്ങളിൽ വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി. അടിയന്തരമായി അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മുഴുവൻ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ പദ്ധതിയുണ്ടാക്കണമെന്നും, മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.