Asianet News MalayalamAsianet News Malayalam

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാനും തീരുമാനം

govt fund to protect seashore from Coastal erosion
Author
Thiruvananthapuram, First Published Jun 12, 2019, 9:27 PM IST

തിരുവനന്തപുരം: അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍.  ഒമ്പത് തീരദേശ ജില്ലകളില്ലെ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും. 

2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക. 

വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 

ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.

Follow Us:
Download App:
  • android
  • ios