കഴിഞ്ഞ ജൂലൈ 5ന് ഇറങ്ങിയ 3297/2021 പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ ഉത്തരവില്‍ അധ്യാപക നിയമനത്തിന് 2019-20 വര്‍ഷങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിച്ച സ്കൂളുകള്‍ പരിഗണിച്ചിട്ടില്ല.
തിരുവനന്തപുരം: കുട്ടികളുടെ കുറവ് മൂലം സാന്പത്തിക നഷ്ടമെന്ന് എഴുതി തള്ളിയ സ്കൂളുകളില്‍ ആവശ്യത്തിന് കുട്ടികള്‍ എത്തിയിട്ടും അധ്യപക നിയമനം നടക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ജൂലൈ 5ന് ഇറങ്ങിയ 3297/2021 പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ ഉത്തരവില്‍ അധ്യാപക നിയമനത്തിന് 2019-20 വര്‍ഷങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിച്ച സ്കൂളുകള്‍ പരിഗണിച്ചിട്ടില്ല. ഇത് നൂറുകണക്കിന് അധ്യാപകര്‍ക്ക് ശമ്പളം കിട്ടാനുള്ള വഴി അടയ്ക്കുന്നതാണ് എന്നാണ് പരാതി.
ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്താല്‍ നൂറുകണക്കിന് അധ്യാപകര്‍ പ്രതിസന്ധിയിലാകുമെന്നാണ് അധ്യാപക സംഘടനകള്‍ അറിയിക്കുന്നത്. ഈ അധ്യാപകര്‍ അടക്കം പ്രവര്‍ത്തിച്ചാണ് പല സ്കൂളുകളും ഇപ്പോള്‍ നല്ല നിലയില്‍ എത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്കൂളുകളില്‍ കണക്കെടുപ്പ് രണ്ട് വര്‍ഷമായി നടത്തിയിട്ടില്ല. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥി എണ്ണംകുറഞ്ഞ സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ഇല്ല, റിട്ടേയര്‍ ചെയ്ത അധ്യാപകര്‍ക്ക് പകരം സ്ഥിര നിയമനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെ രണ്ട് വര്‍ഷം മുന്‍പ് റിട്ടേയര്‍മെന്‍റ് ഒഴിവില്‍ ചേര്‍ന്ന അധ്യാപകര്‍ക്ക് ഇപ്പോഴും സ്ഥിര നിയമനം ഇല്ലാത്ത അവസ്ഥയാണ്.
ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ ചെറിയ ക്ലാസുകളില്‍ അടക്കം അധ്യാപക സേവനം അത്യവശ്യമാണെന്നിരിക്കെ, ഇത്തരം എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരുടെ നിയമനത്തില്‍ സര്‍ക്കാര്‍ ഉദാരപരമായ നിലപാട് എടുക്കണമെന്നാണ് അധ്യാപകരും പറയുന്നത്. ഇതിനെതിരെ ജനപ്രതിനിധികള്‍ക്കും, വിദ്യാഭ്യാസ വകുപ്പിനും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് അധ്യാപകര്‍.
അതേ സമയം പുതിയ ഉത്തരവുകളില്‍ ലാഭത്തിലായ സര്‍ക്കാര്‍ സ്കൂളുകളെ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതും, അവര്‍ക്ക് ശമ്പളം ലഭിക്കാത്തതും പ്രതിഷേധാര്‍ഹമാണ് എന്നാണ് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്.
