അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്നും പറയുന്നു. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. പിപിഇ കിറ്റിന് 328 രൂപ (നേരത്തെ 273), എന്‍95 മാസ്‌കിന് 26 (നേരത്തെ 22), പള്‍സ് ഓക്‌സി മീറ്റര്‍ 1800 (നേരത്തെ 1500) എന്നിങ്ങനെയാണ് വില വര്‍ധനവ്. 15 സാമഗ്രികളുടെ വിലയിലാണ് സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്.

നേരത്തെ നിശ്ചയിച്ച വിലയില്‍ വില്‍പ്പന നടത്തിയാല്‍ നഷ്ടമാകുമെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചതിനെ തുടര്‍ന്ന് വിലയില്‍ മാറ്റം വരുത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്നും പറയുന്നു. നേരത്തെ കൊവിഡ് സാമഗ്രികള്‍ക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില നിയന്ത്രിച്ച് ഉത്തരവ് ഇറക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona