അതേ സമയം കോണ്‍ഗ്രസ് നേതാക്കളുടെയോ ഭാരവാഹികളുടെയോ അറിവോടയല്ല ഇതന്നും പാര്‍ട്ടി അനുഭാവികളായ യുവാക്കൾ  ആവേശം കൂടി എഴുതിയതാണെന്നും പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞു.

തൃശൂര്‍: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപൻ എംപിക്ക് വേണ്ടി വീണ്ടും തൃശ്ശൂരിൽ ചുവരെഴുത്ത്. ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. '-പ്രതാപന്‍ തുടരും പ്രതാപത്തോടെ', '-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക' എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി. കിഴക്കെത്തലയില്‍ 'പ്രതാപന്‍ തുടരും പ്രതാപത്തോടെ' എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്. ഇന്നലെ രാവിലെയാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

അതേ സമയം കോണ്‍ഗ്രസ് നേതാക്കളുടെയോ ഭാരവാഹികളുടെയോ അറിവോടയല്ല ഇതന്നും പാര്‍ട്ടി അനുഭാവികളായ യുവാക്കളാണ് ആവേശം കൂടി എഴുതിയതെന്നും പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞു. പ്രവര്‍ത്തകരല്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ നടപടിയുണ്ടാകില്ലന്നും സ്റ്റാറ്റാന്‍ലി പറഞ്ഞു. നേരത്തെ വെങ്കിടങ്ങ് സെന്‍ററിലും ടി.എന്‍ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ ടി.എന്‍ പ്രതാപന്‍ ഇടപെട്ട് മായ്പ്പിച്ചിരുന്നു.

Read More :