തൃശ്ശൂർ: വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിൽ വ്യാപകമായ അപാകത. കെട്ടിടത്തിൻറെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമൻ്റ് അടര്‍ന്നുവീഴുകയാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുയാണ് സ്കൂള്‍ അധികൃതര്‍. 

കൈ കൊണ്ട് പൊടിച്ചെടുക്കാം !

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂൾ. കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂൾ കെട്ടിടമാണിത്. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരുടെ ശ്രദ്ധയിലാണ് നിര്‍മ്മാണത്തിൻ്റെ അപാകത ആദ്യം പെട്ടത്.

ഉരച്ചാൽ പൊടിയുന്ന ഭിത്തികൾ

ഒന്നു തൊട്ടാല്‍ കയ്യില്‍ അടര്‍ന്നു വരുന്ന ചുമരുകളും ബീമുകളും. മേല്‍ക്കൂരയുടെ അവസ്ഥയും പരിതാപകരം ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. സിമൻ്റിന്റെ ഉപയോഗം പേരിന് മാത്രം. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടം ഇപ്പോള്‍ പലയിടത്തും കുത്തിപൊളിച്ച് വീണ്ടും പണിയേണ്ട അവസ്ഥയാണ്.

നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയില്‍ സ്കൂള് കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ സ്കൂളിൻ്റെ അവസ്ഥ തന്നെ ഇതാണ്.