കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്നുള്ള ഫോറൻസിക് പരിശോധന ഇന്നു തുടങ്ങും. നാലുപേരെ സംസ്കരിച്ച കൂടത്തായി ലൂർദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് ആദ്യം തുറക്കുക. കുടുംബാഗങ്ങളുടെ സാന്നിധ്യത്തിലാകും മുഴുവൻ പരിശോധനകളും. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഒന്‍പത് മണിയോടെ ലൂര്‍ദ്ദ് മാതാ പള്ളിയിലെത്തി കല്ലറ തുറക്കാനുള്ള നടപടി തുടങ്ങും. 

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം, ഫോറന്‍സിക് വിദഗ്ദര്‍ താമരശേരി തഹസില്‍ദാരടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സബ് കളക്ടര്‍ക്ക് ഒപ്പമുണ്ടാകുക. നാലുപേരെ സംസ്കരിച്ച കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് ആദ്യം തുറക്കുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ മറ്റ് രണ്ടുപേരെ സംസ്കരിച്ച കോട‌ഞ്ചേരി പള്ളിയിലെ കല്ലറകളും തുറക്കും. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവ രാസപരിശോധനക്ക് വിധേയമാക്കുകയാണ് ഫോറന്‍സിക്ക് സംഘത്തിന്‍റെ ലക്ഷ്യം.

രാസപരിശോധനയിലൂടെ മരണകാരണം സയനൈഡടക്കമുള്ള വിഷാംശമാണോയെന്ന് മനസിലാകും. 2002 മുതല്‍ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ സമാന സ്വഭാവത്തോടെ കുഴഞ്ഞുവീണ് മരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. 

എന്നാല്‍ സംശയം തോന്നിയ ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.