ആലത്തൂർ,ചിറ്റൂർ, സർക്കിൾ ഓഫീസിലെയും കുഴൽമന്ദം റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. പാലക്കാട്  എക്സൈസ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റും. 

പാലക്കാട്: അണക്കപ്പാറയിലെ വ്യാജകള്ള് നിർമ്മാണകേന്ദ്രത്തിൻ്റെ നടത്തിപ്പിന് ഒത്താശ ചെയ്തെന്ന കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലമാറ്റം നൽകി ഉത്തരവിറങ്ങി. എഴുപതോളം എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ഉത്തരവ്. 

ആലത്തൂർ,ചിറ്റൂർ, സർക്കിൾ ഓഫീസിലെയും കുഴൽമന്ദം റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. പാലക്കാട് എക്സൈസ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റും. വ്യാജകള്ള് നിർമ്മാണത്തിന് ഒത്താശ ചെയ്ത് മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ ഒൻപത് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കൂട്ടസ്ഥലമാറ്റം. പാലക്കാട് ജില്ലയിലെ മറ്റ് താലൂക്കുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റുന്നത്. കൂട്ടസ്ഥലമാറ്റ ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്ന് ജൂണ്‍ 27 നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുക ആയിരുന്നു.

തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍‌ സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്. ജില്ലാതലം മുതല്‍ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വര്‍ഷങ്ങളായി വ്യാജകള്ള് നിര്‍മ്മാണം നടന്ന് വരികയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona