കെ സി വേണുഗോപാലിനെതിരെ പോസ്റ്റിടാൻ അനുയായിക്ക് നിർദ്ദേശം നൽകും വിധം രമേശ് ചെന്നിത്തലയുടേതെന്ന പേരിൽ ഓഡിയോ പുറത്തുവന്നു. ചെന്നിത്തല അനുകൂലികൾ ഓഡിയോ നിഷേധിച്ചപ്പോൾ, പാർട്ടിയെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സൈബറിടം മറയാക്കി സംസ്ഥാന കോൺഗ്രസ്സിലെ (Congress) ഗ്രൂപ്പ് പോര് കടുക്കുന്നു. കെ സി വേണുഗോപാലിനെതിരെ (K C Venugopal) പോസ്റ്റിടാൻ അനുയായിക്ക് നിർദ്ദേശം നൽകും വിധം രമേശ് ചെന്നിത്തലയുടേതെന്ന (Ramesh Chennithala) പേരിൽ ഓഡിയോ പുറത്തുവന്നു. ചെന്നിത്തല അനുകൂലികൾ ഓഡിയോ നിഷേധിച്ചപ്പോൾ, പാർട്ടിയെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വി ഡി സതീശൻ (V D Satheesan) ആവശ്യപ്പെട്ടു.
കാലത്തിൻറെ മാറ്റം ഉൾക്കൊണ്ട് ഹൈടെക്കായാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോര്. രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം കൂടി വന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ സൈബർ ബ്രിഗേഡുകൾ രാപ്പകലില്ലാതെ പണിയിലാണ്.
കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ചെന്നിത്തലയുടേതിന് സമാനമായുള്ള ഓഡിയോയാണ് സൈബർ പോരിലെ ഏറ്റവും പുതിയ ഇനം. ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി ക്കും തനിക്കുമെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ആർസി ബ്രിഗേഡിനെ വി ഡി സതീശൻ നേരത്തെ സംശയിക്കുന്നുണ്ട്.
നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്യ്തെന്ന വാദം നിരത്തിയാൽ രക്ഷപ്പെടാമെന്നുള്ളതിനാൽ നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല. എം ലിജുവിനെ വെട്ടി ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെ സുധാകരന് പരാതി നൽകി.
ഫ്ളാറ്റിന് വേണ്ടിയാണെങ്കിൽ ബിഗ് ബോസിൽ പോകാമായിരുന്നുവെന്ന് ജെബിക്ക് സീറ്റ് നൽകിയതിന് പിന്നാല പോസ്റ്റിട്ട കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ അത് തിരുത്തിയിട്ടില്ല. എന്നാൽ ഇന്നലെ മുതൽ അക്കൗണ്ട് ഹാക്ക്ഡാണെന്നാണ് സ്നേഹ പറയുന്നത്. കോൺഗ്രസ് നേതാക്കളുടെ ബ്രിഗേഡുകളും ആർമികളും തന്നെ കാര്യങ്ങൾ വഷളാക്കുമ്പോോൾ എതിർ ചേരിയിലെ ചെമ്പടയുടെ പണി കുറഞ്ഞിരിക്കുകയാണ്.
