പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു. ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണമെന്നും ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്‍റേതെന്നും ഗ്രോ വാസു പ്രതികരിച്ചു. 

ഇന്നലെയാണ് മൂന്ന്  മാവോയിസ്റ്റുകളെ തണ്ടർ ബോ‌ള്‍ട്ട് സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ലഭിച്ച ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നും പൊലീസ് വ്യക്തമാക്കി.

കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റതായാണ് വിവരം. കൂടുതല്‍ പേരെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് പരിശോധന കര്‍ശനമായി തുടരുന്നു