Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കാമെന്ന് ആരും കരുതണ്ട: കേന്ദ്രത്തെ വെല്ലുവിളിച്ച് തോമസ് ഐസക്

  • അവശ്യ സാധനങ്ങളുടെ അഞ്ച് ശതമാനം നികുതി വർധിപ്പിക്കാൻ കേരളം തയ്യാറല്ല
  • ആഡംബര സാധനങ്ങളുടെ നികുതി കുറച്ചതിന്റെ ഫലം ആണ് കേന്ദ്രം ഇപ്പൊൾ അനുഭവിക്കുന്നതെന്നും ധനമന്ത്രി
GST council 38th meeting Thomas Isaac challenge central government
Author
Thiruvananthapuram, First Published Dec 18, 2019, 8:41 PM IST

ദില്ലി: എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള ജിഎസ്‌ടി കൗൺസിൽ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചിരുന്നില്ല. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം എടുത്തത്. 

കേരളത്തിന്റെ എതിർപ്പ് കൗൺസിൽ തള്ളിയിരുന്നു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. പശ്ചിമ ബംഗാൾ, പുതുച്ചേരി, ദില്ലി, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര എന്നിവർ എതിർത്തു. കൗൺസിലിൽ 17 വോട്ട് കേന്ദ്രത്തിന് അനുകൂലമായപ്പോൾ എതിർത്ത് രേഖപ്പെടുത്തിയത് വെറും ഏഴ് വോട്ട് മാത്രമാണ്.

എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇതര ലോട്ടറി മാഫിയക്ക് വരാമെന്ന് കരുതേണ്ടെന്ന് തോമസ് ഐസക് യോഗ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇതര സംസ്ഥാന ലോട്ടറി കേരളത്തിൽ കൊണ്ട് വരാം എന്ന് ആരും കരുതണ്ട," അദ്ദേഹം വ്യക്തമാക്കി.

ജിഎസ്‌ടി നഷ്ടപരിഹാരം ഒക്ടോബർ വരെയുള്ളതാണ് കേന്ദ്രം തന്നത്. ഡിസംബർ വരെയുള്ളത് തരുന്ന കാര്യത്തിൽ ഉറപ്പ് തന്നില്ല. നികുതി നിരക്ക് വർദ്ധിപ്പിക്കുന്നതിലുള്ള നിബന്ധനകൾ കേന്ദ്രം തീരുമാനിക്കും എന്ന നിലപാടാണ്. അവശ്യ സാധനങ്ങളുടെ അഞ്ച് ശതമാനം നികുതി വർധിപ്പിക്കാൻ കേരളം തയ്യാറല്ല. ആഡംബര സാധനങ്ങളുടെ നികുതി കുറച്ചതിന്റെ ഫലം ആണ് കേന്ദ്രം ഇപ്പൊൾ അനുഭവിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിന് മുന്നോടിയായുള്ള ചർച്ചയിൽ ധനക്കമ്മി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. 1200 കോടി രൂപ ഇപ്പൊൾ കേരളത്തിന് ലാഭം കിട്ടുന്നുണ്ട്. ഇനി മുതൽ പകുതി കേന്ദ്രത്തിന് കൊടുക്കേണ്ടി വരും. സംസ്ഥാന സർക്കാരിന് ലോട്ടറി വിൽപനയിൽ നിന്ന് കിട്ടുന്ന വരുമാനം ഗണ്യമായി കുറയും. പുതിയ നികുതി മാർച്ച് 1 മുതൽ നിലവിൽ വരും. എന്നാൽ ലോട്ടറി വില വർദ്ധിപ്പിക്കില്ല. വിൽക്കുന്ന ലോട്ടറിയുടെ എണ്ണം കൂട്ടുന്നതിനേ പറ്റി ആലോചിക്കും. കേരള ലോട്ടറിയുടെ സീകാര്യത കുറയില്ല. കൂടുതൽ ആളുകൾ ലോട്ടറി എടുത്ത് ഒപ്പം നിൽക്കും എന്ന് വിശ്വസിക്കുന്നുവെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ബജറ്റിൽ വകയിരുത്തിയതിനെക്കാൾ ഇരുപതിനായിരം കോടി രൂപ സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവ് വരും. രാജ്യത്ത് നിലവിലുള്ള അരക്ഷിതാവസ്ഥ  സാമ്പത്തിക മുരടിപ്പിനെ വർദ്ധിപ്പിക്കും. ബജറ്റിൽ ഉണ്ടായിരുന്ന പദ്ധതികളിൽ മുപ്പത് ശതമാനം കുറവ് വരുത്തുമെന്നും എന്നാൽ ക്ഷേമ പദ്ധതികൾ വെട്ടിക്കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios