Asianet News MalayalamAsianet News Malayalam

ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമകൾക്ക് 2.38 കോടി രൂപ നികുതി അടയ്ക്കാൻ നോട്ടീസ്

നിക്ഷേപ തട്ടിപ്പ് വിവാദങ്ങൾക്കിടെ  ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ ഡയറക്ടർമാർക്കെതിരെ പരാതിയുമായി മാനേജിംഗ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ രംഗത്തു വന്നു. 

GST department issued notice  to Fashion gold owners
Author
Kasaragod, First Published Oct 13, 2020, 6:00 PM IST

കാസർകോട്: നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴയടക്കം നിർദ്ദേശിച്ച നികുതി അടക്കാത്തതിനെ തുടർന്ന് ജിഎസ്ടി വിഭാഗം ഫാഷൻ ഗോൾഡ് ജ്വല്ലറി അധികൃതർക്ക് രണ്ടാമതും നോട്ടീസ് നൽകി. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ കാസർകോട്, ചെറുവത്തൂർ ശാഖകളിലായി 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. 25 ശതമാനം പിഴയും പലിശയുമടക്കം 2.38 കോടി അടക്കാനാണ് പുതിയ നോട്ടീസിലെ നിർദ്ദേശം.  

നിക്ഷേപ തട്ടിപ്പ് വിവാദങ്ങൾക്കിടെ  ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ ഡയറക്ടർമാർക്കെതിരെ പരാതിയുമായി മാനേജിംഗ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ രംഗത്തു വന്നു. പയ്യന്നൂർ ശാഖയിൽ നിന്ന് നാല് ഡയറക്ർമാർ അ‌‌ഞ്ചരക്കിലോ സ്വർണവും രത്നാഭരണങ്ങളും കടത്തിയെന്ന് ആരോപിച്ച് കണ്ണൂർ എസ്പിക്ക്  പരാതി നൽകി. നിക്ഷേപ തട്ടിപ്പു കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയായ പൂക്കോയ തങ്ങൾ പരാതിയുമായി രംഗത്തെത്തിയത് കേസിൽ പുതിയ വഴിത്തിരിവായി

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകൾ വന്ന് രണ്ട് മാസത്തിന് ശേഷമാണ് ഡയറക്ടർമാർക്കിടയിലെ ചേരിതിരിവ് പുറത്താകുന്നത്. ജ്വല്ലറിയുടെ പയ്യന്നൂർ ശാഖയിൽ നിന്ന് നാല് ഡയറക്ടർമാർ അഞ്ചരക്കിലോ സ്വർണവും അൻപത് ലക്ഷം രൂപയുടെ രത്നാഭരണവും കടത്തിയെന്നാണ് എംഡി പൂക്കോയ തങ്ങളുടെ പരാതി. കഴിഞ്ഞ നവംബറിൽ പയ്യന്നൂരിലെ ശാഖ കരാർ വ്യവസ്ഥയിൽ നാല് ഡയറക്ടർമാർക്ക് കൈമാറി.  ഇതിന്ർറെ മറവിലാണ് സ്വർണം കടത്തിയതെന്നും മുപ്പത് ജീവനക്കാർ പെരുവഴിയിലായെന്നും പരാതിയിൽ പറയുന്നു.  

കണ്ണൂർ എസ്പിക്ക് നൽകിയ പരാതി പയ്യന്നൂർ സിഐക്ക് കൈമാറും. സഹഡയറക്ടർമാർ സ്വർണം കടത്തിയെന്ന് എംഡി തന്നെ പരാതി നൽകിയ സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളായേക്കും. ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎ ഒന്നാം പ്രതിയും എംഡി ടി.കെ പൂക്കോയ തങ്ങൾ രണ്ടാം പ്രതിയുമായി നിലവിൽ 86 വഞ്ചന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളെല്ലാം അന്വേഷിക്കുന്ന ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഇരുവരേയും ചോദ്യം ചെയ്തിട്ടില്ല.  

Follow Us:
Download App:
  • android
  • ios