Asianet News MalayalamAsianet News Malayalam

ഡാഷ് ബോർഡ് മാത്രമല്ല, ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും കാണാനെത്തി ചീഫ് സെക്രട്ടറി

ഗുജറാത്തിലെ അരലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഓൺലൈനായി വിലയിരുത്തുന്ന കമാൻഡ് സെന്‍ററായ വിദ്യാസമീക്ഷാ കേന്ദ്രത്തിൽ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്.

Gujarat Vist Of Kerala Chief Secretary V P Joy
Author
Gujarat, First Published Apr 29, 2022, 5:57 PM IST

മുംബൈ: മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വിപി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദർശിച്ചത്. സർക്കാർ ഉത്തരവിൽ പറഞ്ഞതിന് പുറമെയാണ് ഈ സന്ദർശനങ്ങൾ. 

ഗുജറാത്തിൽ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറിയെ അയക്കുന്നുവെന്നായിരുന്നു സർക്കാ‍ർ ഉത്തരവ്. എന്നാൽ വിദ്യാഭ്യാസമേഖലയിലെ ഗുജറാത്ത് മോഡലുകളിലൊന്ന് കൂടി പഠിച്ച ശേഷമാണ് ചീഫ് സെക്രട്ടറി ഗാന്ധി നഗറിൽ നിന്ന് മടങ്ങിയത്. 

ഗുജറാത്തിലെ അരലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഓൺലൈനായി വിലയിരുത്തുന്ന കമാൻഡ് സെന്‍ററായ വിദ്യാസമീക്ഷാ കേന്ദ്രത്തിൽ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്. വെറുമൊരു സന്ദർശനമായിരുന്നില്ല ഇത്. പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദവിവരങ്ങൾ നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. കേരളത്തിൽ സമാനമായ സംവിധാനം ഒരുക്കാൻ സാങ്കേതിക വിവരങ്ങൾ കൈമാറാമെന്ന ഉറപ്പും കിട്ടി. 

ദില്ലിയിലെ സ്കൂളുകൾ കേരളത്തിൽ നിന്ന് സിബിഎസ്ഇയുടെ ഒരു സംഘംസന്ദർശിച്ചത് വിവാദമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മറ്റൊരു മോഡൽ കേരളത്തിന് വേണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. പിന്നാലെയാണ് സർക്കാർ ഉത്തരവിൽ ഇല്ലാതിരുന്ന വിദ്യാസമീക്ഷാ കേന്ദ്രത്തിലേക്കുള്ള ചീഫ് സെക്രട്ടറിയുടെ സന്ദർശനം. 

ഗുജറാത്ത് സർക്കാ‍‍ർ ഗാന്ധി നഗറിൽ തുടങ്ങിയ വൻകിട വികസന പദ്ധതിയായ ഗിഫ്റ്റ് സിറ്റിയും സന്ദർശിച്ചാണ് കേരളസംഘം മടങ്ങിയത്. ഈ സർക്കാർ ഉത്തരവിൽ ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സംഘത്തെ അയച്ചെന്നാണ് പറയുന്നതെങ്കിലും പല മേഖലയിലെ വികസന മോഡലുകളെക്കുറിച്ച് പഠിച്ചാണ് സംഘത്തിന്‍റെ മടക്കം.

Follow Us:
Download App:
  • android
  • ios