തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. കയ്യിൽ മുറിവേറ്റ നിലയിലാണ് ഗൺമാനെ കണ്ടെത്തിയത്. അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്.

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് പറഞ്ഞു. 

തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വർഷമായി യു എ ഇ കോൺസുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ഘോഷ് ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ജയഘോഷിനെ കാണാതായ തിരുവനന്തപുരം കുഴിവിളയിലെ വീട്ടിൽ നിന്ന് എസ് ശ്യാംകുമാറിന്‍റെ റിപ്പോർട്ട്.

 

ഗൺമാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.