തിരുവനന്തപുരം: കാണാതായ ഗൺമാൻ ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം. സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തുമെന്ന് ജയഘോഷ് പേടിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ജയഘോഷിന്റെ സഹോദരീ ഭർത്താവ് അജിത്കുമാറിന്റേതാണ് വെളിപ്പെടുത്തൽ. 

ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചിരുന്നെന്നും ജയഘോഷ് തിരിച്ചും വിളിച്ചിട്ടുണ്ടെന്നും അജിത് കുമാർ വെളിപ്പെടുത്തി. കരുതുന്നതിലും വലിയ സംഘമാണെന്ന് ജയഘോഷ് ഭാര്യയോട് പറഞ്ഞിരുന്നു. കസ്റ്റംസോ എൻഐഎയെയോ ഇതുവരെ ജയഘോഷിനെ വിളിപ്പിട്ടിട്ടില്ലെന്നും ബൈക്കിലെത്തിയ രണ്ടുപേർ ജയഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത് കുമാർ പറയുന്നു. 

ജയ്ഘോഷിനെ അവസാനമായി വിളിച്ചത് ഒരു സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ കുടുംബ വീട് തന്നെയാണെന്ന് കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണർ അനിൽ കുമാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ഇന്നലെ മുതലാണ് യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനായിരുന്ന അജയോഘോഷിനെ കാണാതായത്. തുമ്പയിലെ ഭാര്യവീട്ടിലായിരുന്നു ജയഘോഷ്. ഗൺമാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു.

കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.