ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ തെറ്റില്ലെന്നും വിവേകാനന്ദ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ആർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ആലപ്പുഴ: നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്ന ബിജെപി നേതാവിന്‍റെ പാദപൂജ വിവാദത്തിൽ വിശദീകരണവുമായി സ്കൂള്‍ പ്രിന്‍സിപ്പൽ. കാൽ കഴുകൽ പാദപൂജ അല്ല സ്കൂളിൽ നടന്നതെന്നും പൂവും പനിനീരും തളിക്കലാണെന്നും ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ തെറ്റില്ലെന്നും വിവേകാനന്ദ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ആർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപി നേതാവ് എന്ന നിലയിൽ അല്ല അനൂപ് സ്കൂളിൽ എത്തുന്നത്. സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധിയെന്ന നിലയിലാണ് വന്നത്. അനൂപ് സ്കൂളിലെ എല്ലാ പരിപാടികളും നിറസാന്നിധ്യമാണ്. കുട്ടികൾക്ക് നൈതിക വിഷയങ്ങളിൽ അനൂപ് ക്ലാസ് എടുക്കാറുണ്ട്. പാദ പൂജയിൽ ഇപ്പോൾ വിവാദം എന്തുകൊണ്ടാണെന്ന് അറിയില്ല. വിദ്യാനികേതൻ സ്കൂളുകളിലെ രീതി വർഷങ്ങൾ ആയി ഇങ്ങനെയാണ്. ഇവിടുത്തെ രീതികൾ അറിഞ്ഞാണ് രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത്. വിദ്യാനികേതൻ സ്കൂളുകളിൽ ഗുരു പൂജ വർഷങ്ങളായി നടക്കുന്നതാണെന്നും സ്കൂള്‍ പ്രിന്‍സിപ്പൽ പറഞ്ഞു.

അതേസമയം, പാദപൂജ വിവാദത്തിൽ സ്കൂളിലേക്ക് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധിച്ചത്. എടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിന് മുന്നിൽ മനുസ്മൃതി കത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.അതേസമയം മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെയും പാദപൂജയില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കും യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകി. 

യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്. ഗുരുപൂർണ്ണിമയുടെ ഭാഗമായി വിവിധ ജില്ലകളിലെ സ്കൂളുകളില്‍ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വലിയ വിവാദമായിരുന്നു. 

കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ സ്കൂളുകളില്‍ പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നു.

കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലും പാദപൂജ നടന്നിരുന്നു. ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠം സ്കൂളില്‍ വാര്‍ഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ കെ അനൂപിന്‍റെ പാദമാണ് പൂജിച്ചത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ 101 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികൾ വെള്ളംതളിച്ച് പൂക്കളിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.