Asianet News MalayalamAsianet News Malayalam

G Sudhakaran |അദ്ദേഹം മഹാനായ നേതാവ്, ഞാൻ കുറച്ച് താഴെ: വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച്.സലാം

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതിയുമായി എച്ച്.സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. 

H Salam MLA praises G Sudhakaran
Author
Alappuzha, First Published Nov 12, 2021, 11:51 AM IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ (G Sudhakaran) പുകഴ്ത്തി അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം (H Salam). മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.

നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎൽഎ എന്ന നിലയിൽ സുധാകരൻ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ എച്ച് സലാം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതിയുമായി എച്ച്.സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. ആലപ്പുഴയിലെ സിപിഎമ്മിൽ അനിഷേധ്യ നേതാവായിരുന്നു സുധാകരനെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് നീങ്ങാൻ പാർട്ടി മടികാണിച്ചില്ല. 

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ സുധാകരൻ നടത്തിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിർജീവമായെന്നും സലാം പാർട്ടിയോട് പരാതിപ്പെട്ടിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിച്ച് കൊണ്ട് വ്യാപകപ്രചാരണം നടന്നിട്ടും അതിനെ തള്ളിപ്പറയാനോ തന്നെ പ്രതിരോധിക്കാനോ സുധാകരൻ തയ്യാറായില്ലെന്ന പരാതിയും സലാം പാർട്ടി ഘടകങ്ങളിൽ ഉന്നയിച്ചിരുന്നു. എളമരം കരീമിൻ്റെ അധ്യക്ഷതയിലുള്ള പാർട്ടി കമ്മീഷൻ്റെ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് സംസ്ഥാന സമിതിയിൽ നൽകിയത്. 


 

Follow Us:
Download App:
  • android
  • ios